പേടിഎം ഐപിഒ വരുന്നു

പേടിഎം ഐപിഒ വരുന്നു

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനദാതാക്കളായ പേടിഎം, ഈ വര്‍ഷം അവസാനം പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ കമ്പനി ഏകദേശം 21,800 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. രാജ്യത്തെ എക്കാലത്തെയും വലിയ വിപണി അരങ്ങേറ്റമായിരുക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പേടിഎമ്മിന്റെ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ മൂല്യം ഏകദേശം 25 ബില്യണ്‍ മുതല്‍ 30 ബില്യണ്‍ ഡോളര്‍ വരെയാണ്. ഐപിഒ സംബന്ധിച്ച നടപടികള്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് ഈ വെള്ളിയാഴ്ച യോഗം ചേരാന്‍ വണ്‍ 97 ബോര്‍ഡ് പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഐപിഒ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

പേടിഎമ്മിന്റെ പ്രാഥമിക ഓഹരി വില്‍പ്പന വിജയിക്കുകയാണെങ്കില്‍, അത് കോള്‍ ഇന്ത്യ ലിമിറ്റഡ് ഐപിഒയെ മറികടക്കും. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയായിരുന്നു കോള്‍ ഇന്ത്യയുടേത്. 2010 ല്‍ 15,000 കോടി രൂപയുടേതായിരുന്നു കോള്‍ ഇന്ത്യ ഐപിഒ.

സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മയുടെ നേതൃത്വത്തില്‍, പേടിഎം കഴിഞ്ഞ ഒരു വര്‍ഷമായി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സേവനങ്ങളുടെ വിപുലീകരണത്തിലൂടെ ധനസമ്പാദനം നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കപ്പുറം ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ധനകാര്യ സേവനങ്ങള്‍ വെല്‍ത്ത് മാനേജ്‌മെന്റ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയിലേക്ക് സേവനം വിപുലീകരിക്കാന്‍ അവര്‍ക്ക് സഹായകരമായി.

പേടിഎമ്മിന് 20 ദശലക്ഷത്തിലധികം വ്യാപാര പങ്കാളികളുണ്ട്, അതിന്റെ ഉപയോക്താക്കള്‍ പ്രതിമാസം 1.4 ബില്യണ്‍ ഇടപാടുകള്‍ നടത്തുന്നുവെന്ന് അടുത്തിടെയുള്ള കമ്പനിയുടെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധിയെ തുടര്‍ന്നുളള ചെലവാക്കലുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് പ്രചോദനമായതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ പേടിഎമ്മിന് എക്കാലത്തെയും മികച്ച പാദമാണ് സമ്മാനിച്ചതെന്ന് വിജയ് ശേഖര്‍ ശര്‍മ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *