ആമസോണ്‍ ഹോളിവുഡ് സ്റ്റുഡിയോ സ്വന്തമാക്കി

ആമസോണ്‍ ഹോളിവുഡ് സ്റ്റുഡിയോ സ്വന്തമാക്കി

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ യുഎസ് ചലച്ചിത്ര സ്റ്റുഡിയോയായ മെട്രോ ഗോള്‍ഡ്വിന്‍ മേയര്‍ (എംജിഎം) സ്വന്തമാക്കി. 8.45 ബില്യണ്‍ ഡോളറിനാണ് ആമസോണ്‍ ഈ ഹോളിവുഡ് സ്റ്റുഡിയോ സ്വന്തമാക്കിയത്. അതായത് ഇന്ത്യന്‍ കറന്‍സി മൂല്യം ഏകദേശം അറുപതിനായിരം കോടി രൂപയ്ക്ക്. സിനിമകളുടെയും ടിവി ഷോകളുടെയും വലിയ ശേഖരം സ്വന്തമാക്കാന്‍ ഈ വാങ്ങലിലൂടെ ആമസോണിന് സാധിക്കും.

നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ സ്ട്രീമിങ് എതിരാളികളുമായുള്ള മത്സരം കടുപ്പിക്കുന്നതിനും സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആമസോണിന്റെ മീഡിയ വ്യവസായത്തിലെ ഏറ്റവും പുതിയ കരാര്‍. എപിക്‌സ് കേബിള്‍ ചാനലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ 17,000ലധികം ടിവി ഷോകള്‍ നിര്‍മിച്ചിട്ടുണ്ട്. ഫാര്‍ഗോ, വൈക്കിങ്‌സ എന്നിവ ഇതില്‍ ഉള്‍പ്പെടും. 1924 ല്‍ സ്ഥാപിതമായ എംജിഎം സ്റ്റുഡിയോയേ്ക്ക് ചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രമുണ്ട്.

12 ആംഗ്രി മെന്‍, ബേസിക് ഇന്‍സ്റ്റിങ്ക്റ്റ്, ക്രീഡ്, ജെയിംസ് ബോണ്ട്, ലീഗലി ബ്‌ളോണ്ട്, മൂണ്‍സ്ട്രക്ക്, റാഗിങ് ബുള്‍, റോക്കി, സൈലന്‍സ് ഓഫ് ദി ലാംബ്‌സ്, തെല്‍മ & ലൂയിസ്, ടോംബ് റൈഡര്‍, ദി മാഗ്‌നിഫിഷ്യന്റ് സെവന്‍, ദി പിങ്ക് പാന്തര്‍ എന്നിവയുള്‍പ്പെടെ 4,000ത്തിലധികം ചിത്രങ്ങള്‍ എംജിഎം സ്റ്റുഡിയോയില്‍ നിര്‍മിച്ചിട്ടുണ്ട്. 180ലധികം അക്കാദമി അവാര്‍ഡുകളും 100 എമ്മി അവാര്‍ഡുകളും സ്റ്റുഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ആമസോണുമായുള്ള കരാര്‍ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും മറ്റ് ക്ലോസിങ് വ്യവസ്ഥകള്‍ക്കും വിധേയമാണെന്ന് എംജിഎമ്മിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെവിന്‍ അള്‍റിച് പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *