ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍നിന്നും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍ – പ്രശസ്ത സെയില്‍സ് ട്രയിനറും ദ സെയില്‍സ്മാന്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനുമായ അനില്‍ ബാലചന്ദ്രന്‍ വിശദീകരിക്കുന്നു

ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍നിന്നും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍ – പ്രശസ്ത സെയില്‍സ് ട്രയിനറും ദ സെയില്‍സ്മാന്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനുമായ അനില്‍ ബാലചന്ദ്രന്‍ വിശദീകരിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപി. കേരളത്തില്‍ ബിജെപിക്കുണ്ടായ ഈ തകര്‍ച്ചയില്‍നിന്നും സംരംഭക സമൂഹത്തിനും അതോടൊപ്പം തന്നെ പുതുസംരംഭകർക്കും സ്റ്റാർട്ടപ്പ് കമ്പനികൾക്കും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നു വ്യക്തമാക്കുകയാണ് അനില്‍ ബാലചന്ദ്രന്‍.

 1. ചെറിയ ഒരു മാര്‍ക്കറ്റ് കണ്ടെത്തി അവിടെനിന്ന് തുടങ്ങുക

ഏതൊരു സംരംഭത്തിന്റെയും ആദ്യഘട്ടം ഒരു പരീക്ഷണമായതുകൊണ്ടുതന്നെ ചെറിയൊരു മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്തി അവിടെ പയറ്റി തെളിഞ്ഞു സക്‌സസ് ഫോര്‍മുല കണ്ടെത്തിയശേഷമായിരിക്കണം കൂടുതല്‍ വിശാലമായ തലങ്ങളിലേക്ക് ശ്രദ്ധതിരിക്കേണ്ടത്. കഴിഞ്ഞ എട്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് ആയിരുന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടമായ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് സ്റ്റിക് ഓണ്‍ ചെയ്തിരുന്നെങ്കില്‍ ഇക്കുറി ഫലം മറ്റൊന്നാകുമായിരുന്നു. ചെറിയ ഒരു സ്‌പേസില്‍ തുടങ്ങി വിജയം കണ്ടെത്തിയശേഷമായിരിക്കണം സ്റ്റാര്‍ട്ടപ്പുകള്‍ സ്‌പ്രെഡ് ചെയ്യാന്‍ തീരുമാനിക്കേണ്ടത്.

 1. കോണ്‍ഫിഡന്‍സ് വിത്ത്ഔട്ട് ക്ലാരിറ്റി ഈസ് ഡിസാസ്റ്റര്‍

ബിസിനസ് തുടങ്ങിയാല്‍ ഉടന്‍ കോടീശ്വരന്‍മാരാകാം എന്ന് ചിന്തിക്കുന്ന ചില സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുണ്ട്. യാതൊരു പ്ലാനിങും ഇല്ലാതെ വെറും ആത്മവിശ്വാസം മാത്രമായിരിക്കും ഇവര്‍ക്ക് ഉണ്ടായിരിക്കുക. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഈ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ ഇത്രയും സീറ്റുകള്‍ എവിടെനിന്നു കിട്ടുമെന്നോ എങ്ങനെ കിട്ടുമെന്നോ ഉള്ള യാഥാര്‍ഥ്യബോധവും വ്യക്തതയും നേതാക്കള്‍ക്കു ഉണ്ടായിരുന്നില്ല. ഓരോ സംരംഭകന്റെയും ആത്മവിശ്വാസത്തിനു പിന്നില്‍ ക്ലാരിറ്റി ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അധപതനമായിരിക്കും ഫലം.

 1. മാര്‍ക്കറ്റ് നിരീക്ഷണം അനിവാര്യം

ഫൈന്‍ഡ് ദ ഗ്യാപ് ആന്റ് ഫില്‍ ദ ഗ്യാപ്. ഒരു സംരംഭവുമായി മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നതിനുമുമ്പായി മാര്‍ക്കറ്റിനെ കൃത്യമായി നീരീക്ഷിക്കുക. സമാന ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്‍കാന്‍ കഴിയാത്തത് ലഭ്യമാക്കുമ്പോഴാണ് ഒരു സംരംഭത്തിന് അതിജീവിക്കാന്‍ കഴിയുന്നത്. എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഇടപെടലുകളില്‍ എവിടെയൊക്കെയാണ് ജനങ്ങള്‍ക്ക് സംതൃപ്തി ഇല്ലാത്തത് എന്നുകണ്ടെത്തി ആ ഗ്യാപ് ഫില്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ബിജെപിയുടെ വളര്‍ച്ച മറ്റൊന്നാകുമായിരുന്നു.  

 1. ഒരു കളക്ടീവ് ലീഡര്‍ഷിപ്പിന്റെ ആവശ്യകത

ഒരു പാത്രത്തില്‍ പിടിച്ചിട്ടിരിക്കുന്ന ഞണ്ടുകളിലൊന്ന് വലിഞ്ഞ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവ അതിന്റെ കാലില്‍ പിടിച്ച് താഴേക്കിടും. ഒരു സംരംഭത്തില്‍ ഒരിക്കലും അത് പാടില്ല. ആരാണ് മുകളില്‍, ആരാണ് അതിനുതാഴെ എന്നതു സംബന്ധിച്ചു വ്യക്തമായ ധാരണയോടെ ഒരു ലീഡര്‍ഷിപ്പ് സ്ട്രാറ്റജി ഉണ്ടായില്ലെങ്കില്‍ എത്ര വലിയ കോണ്‍സെപ്ട് ആയാലും സ്റ്റാര്‍ട്ട്അപ്പ് കമ്പനി പരാജയപ്പെട്ടേക്കാം. നേതാക്കള്‍ക്കിടയില്‍ വ്യക്തമായ ധാരണയും ഐക്യവും ഉണ്ടാകാതിരുന്നതിന്റെ പ്രശ്‌നങ്ങള്‍ ഇവിടെ ബിജെപിക്കും സംഭവിച്ചിട്ടുണ്ട്.

 1. ക്യാപിറ്റല്‍ ഫണ്ട്

ആവശ്യത്തിനുള്ള ക്യാപിറ്റല്‍ ഫണ്ട് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ സംരംഭം പൊളിച്ചടുക്കുമായിരുന്നു എന്നാണ് പല സ്റ്റാര്‍ട്ട്അപ്പ് കമ്പനികളും അവകാശപ്പെടുന്നത്. എന്നാല്‍ ഒരു ബിസിനസിന്റെ വിജയത്തിന് കേവലം ഫണ്ട് മാത്രം ഉണ്ടായിട്ട് കാര്യമില്ല എന്ന തിരിച്ചറിവ് സംരംഭകര്‍ക്ക് ഉണ്ടായിരിക്കണം. ആവശ്യംപോലെ പണമുണ്ടായിരുന്നിട്ടും അത് ചെലവഴിച്ചിട്ടും തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല എന്ന കാര്യം സംരംഭകര്‍ ഓര്‍ത്തിരിക്കുക.

 1. പോപ്പുലാരിറ്റിയെക്കാള്‍ പ്രാധാന്യം എക്‌സ്പീരിയന്‍സിന്

ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭം തുടങ്ങുമ്പോള്‍ അതിലേക്ക് ആദ്യം ചേര്‍ക്കേണ്ടത് പരിചയ സമ്പന്നരെയാണ്. അത് സ്റ്റാഫ് ആയാലും പാര്‍ട്‌ണേഴ്‌സ് ആയാലും. പോപ്പുലാരിറ്റിയും ബ്രാന്‍ഡ് ബില്‍ഡിങും രണ്ടാമത് മാത്രം. പ്രശസ്തരായവരെയും സെലിബ്രിറ്റികളെയും കൂടുതലായി കൊണ്ടുവരാനാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ശ്രമിച്ചത്. അതേസമയം രാഷ്ട്രീയപരമായി പരിചയ സമ്പത്തുള്ള ഇലക്ഷന്‍ മാനേജര്‍മാരെ ഒപ്പം ചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

 1. അപ്പര്‍ മാനേജ്‌മെന്റിനെ തെറ്റിദ്ധരിപ്പിക്കരുത്

ഏത് സംരംഭത്തില്‍ ആയാലും അതിന്റെ ഉന്നത മാനേജ്‌മെന്റ് പദവി വഹിക്കുന്നവരെ മിസ്‌ലീഡ് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ആ സംരംഭത്തിന്റെ വളര്‍ച്ചക്കുവേണ്ടി അവര്‍ എടുക്കുന്ന സ്ട്രാറ്റജി പരാജയമായി ഭവിക്കും. ഗ്രൗണ്ട് ലെവലില്‍ നടക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ കൃത്യമായി ഡിസിഷന്‍ മേക്കേഴ്‌സില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍, എന്താണ് ഗ്രൗണ്ട് റിയാലിറ്റി എന്നുള്ളത് ടോപ്പ് മാനേജ്‌മെന്റ് നേരിട്ട് മനസിലാക്കണം. കേന്ദ്രനേതൃത്വത്തില്‍ ഉള്ളവരെ പലകാര്യങ്ങളിലും തെറ്റിദ്ധരിപ്പിക്കാന്‍ നമ്മള്‍ പ്രസിഡന്റ് എന്നോ ജനറല്‍ മാനേജര്‍ എന്നോ ഒക്കെ വിളിക്കുന്ന ഇടനില നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ പറയുന്നതു മാത്രം വിശ്വസിക്കാതെ താഴേക്കിടയിലുള്ളവരില്‍നിന്നുകൂടി കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുക.

 1. നാളേക്ക് മാറ്റിവെക്കുന്ന ശീലം ഉപേക്ഷിക്കുക

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേതുപോലെ വളരെ വൈകിമാത്രമാണ് ബിജെപിയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. 2021ല്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന ബോധ്യം പാര്‍ട്ടി നേതൃത്വത്തിന് ഉണ്ടായിട്ടും മുന്‍കൂട്ടി സ്ഥാനാര്‍ഥി നിര്‍ണയം നടത്താതെ നീട്ടിവച്ചതും അവര്‍ക്ക് തിരിച്ചടിയായി. ഏത് സംരംഭത്തിലായാലും ഏതുകാര്യവും നാളേക്ക് നീട്ടിവെയ്ക്കാതെ തീരുമാനങ്ങള്‍ യഥാസമയം എടുക്കാന്‍ ശ്രദ്ധിക്കുക.

 1. ബിസിനസ് രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കുക

ഒരു നേതാവ് എപ്പോഴും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പഠിക്കണമെന്നു ചാണക്യസൂത്രത്തില്‍ പറയുന്നുണ്ട്. ശബരിമല വിഷയം ഒരു സുവര്‍ണാവസരമാണെന്നു നമുക്ക് കൊണ്ടുതന്നിരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍പിള്ള ഒരു വലിയ ജനക്കൂട്ടത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ബിസിനസില്‍ ഒരിക്കലും നമ്മുടെ സ്ട്രാറ്റജി വെളിപ്പെടുത്താന്‍ സംരംഭകര്‍ ശ്രമിക്കരുത്. നമ്മുടെ ആശയങ്ങള്‍ മറ്റൊരാള്‍ അടിച്ചുമാറ്റുന്നതിനോ അല്ലെങ്കില്‍ നമ്മുടെ സ്ട്രാറ്റജി മനസ്സിലാക്കുന്ന എതിരാളികള്‍ നമ്മളെ തകര്‍ക്കാനോ ശ്രമിക്കും.

 1. ഹെലികോപ്ടര്‍ ലാന്റിങ് അപകടകരം

ഒരു പ്രമോഷന്റെ കാര്യം വരുമ്പോള്‍ താഴെ തട്ടില്‍ നമുക്കുവേണ്ടി ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരെ പരിഗണിക്കാതെ പുറത്തുനിന്ന് ഒരാളെ നിയമിക്കുകയും ഇദ്ദേഹമാണ് ഇനി നിങ്ങളെ നയിക്കാന്‍ പോകുന്നത് എന്നും പറയുന്ന പ്രവണത ഒരിക്കലും ഒരു സംരംഭകനും സ്വീകരിക്കരുത്. ഈ കമ്പനിയില്‍ ഞങ്ങള്‍ക്ക് ഒരുപാട് ഉയര്‍ച്ച ഉണ്ടാകുമെന്നു കരുതി ആ പ്രമോഷന്‍ പ്രതീക്ഷിച്ചിരുന്ന, നമ്മളോട് ആത്മാര്‍ഥത ഉണ്ടായിരുന്നവരെ അത് തീര്‍ച്ചയായും സങ്കടപ്പെടുത്തും. ബിജെപിയില്‍ സംഭവിച്ചതും അതാണ്. പാര്‍ട്ടിയോട് കൂറുള്ള കുറച്ചുപേരെ ഒഴിവാക്കി പുറത്തുള്ള ഒരുപാടുപേരെ കെട്ടിയിറക്കുകയായിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനവും അബ്ദുള്ളക്കുട്ടിയും ഇ.ശ്രീധരനും സുരേഷ്‌ഗോപിയും കൃഷ്ണകുമാറും വിവേക് ഗോപനും ശ്രീശാന്തുമെല്ലാം വന്നവഴി തീര്‍ച്ചയും അണികളെ നിരാശപ്പെടുത്തിയിട്ടുണ്ടാകും.

 1. പാര്‍ട്ണറെ സെലക്ട് ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തുക

നമുക്ക് എന്തൊക്കെ കഴിവുകളുണ്ടോ അതേ കഴിവുള്ളവനാകരുത് നമ്മുടെ പാര്‍ട്ണര്‍. രണ്ടുപേരുള്ള ഒരു പാര്‍ട്ണര്‍ഷിപ്പ് ബിസിനസിൽ രണ്ടുപേര്‍ക്കും ഒരേ കഴിവും ഒരേ ചിന്താഗതിയുമാണുള്ളതെങ്കില്‍ രണ്ടാമത്തെയാള്‍ ഉറപ്പായും പ്രയോജനമില്ലാത്ത ആള്‍ ആയി തീരും. നമ്മള്‍ക്കില്ലാത്ത കഴിവുകളുള്ള ഒരാളെ ആയിരിക്കണം പാര്‍ട്ണര്‍ ആക്കേണ്ടത്. കേരളത്തില്‍ ബിജെപി സഖ്യകക്ഷിയായി വച്ചിരിക്കുന്നത് ബിഡിജെഎസിനെയാണ്. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുമ്പോള്‍ ഈ സഖ്യത്തില്‍നിന്നും എന്ത് നേട്ടമാണ് ഉണ്ടായതെന്നു ചിന്തിക്കുക.

 1. മാര്‍ക്കറ്റിന്റെ ട്രന്‍ഡ് മനസിലാക്കുക

നിങ്ങള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് ലളിതമായി മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ക്ക് അതിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ല എന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുള്ളത്. ഭൂരിഭാഗം മലയാളികളുടെയും ഇഷ്ടഭക്ഷണമാണ് പെറൊട്ടയും ബീഫും. ബീഫ് നിരോധനം സംബന്ധിച്ച തെറ്റിദ്ധാരണയെക്കുറിച്ച് ഇന്നുവരെ ശരിയായ രീതിയില്‍ വിശദീകരിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ പറയുന്നത് പശുവിനെ അറുക്കരുത് എന്നാണ്. നിങ്ങള്‍ കഴിക്കുന്നത് ബീഫാണ്. ഇതു രണ്ടും രണ്ടാണ് എന്നു വ്യക്തമാക്കി കൊടുക്കാന്‍ ഇതുവരെ അവര്‍ ശ്രമിച്ചിട്ടില്ല. കസ്റ്റമറുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഓരോ സംരംഭകനും കഴിയണം. കസ്റ്റമര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നമുക്ക് ഇഷ്ടമല്ല എന്നുകരുതി അത് നടപ്പിലാക്കാതിരുന്നാല്‍ ഒരു കസ്റ്റമറും നമുക്ക് അനുകൂലമായി ഉണ്ടാകില്ല.

 1. കസ്റ്റമറുടെ ഉള്ളിലുള്ള യാഥാര്‍ഥ്യം തിരിച്ചറിയുക

ഒരു കസ്റ്റമറുടെ ഉള്ളിലുള്ള യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുവേണം ഒരു പ്രോജക്ട് ഡിസൈന്‍ ചെയ്യേണ്ടത്. നമ്മുടെ മുന്‍കാല അനുഭവങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തില്‍ ആയിരിക്കരുത് തീരുമാനങ്ങള്‍ എടുക്കേണ്ടത്. കൃത്യമായ ഡേറ്റ ഉപയോഗിച്ചായിരിക്കണം. ആ ഡേറ്റ കൊണ്ടുമാത്രമേ എവിടെയൊക്കെയാണ് നമുക്ക് തെറ്റുപറ്റിയത്, അല്ലെങ്കില്‍ എവിടെയൊക്കെയാണ് നമുക്ക് തിരുത്തേണ്ടത് എന്ന് ശരിയായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളുടെ ഉള്ളിലിരുപ്പ് എന്താണെന്നു തിരിച്ചറിയാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

ഈ പതിമൂന്നുകാര്യങ്ങളില്‍നിന്ന് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. വരുംകാലങ്ങളിലും ഇവിടെ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്ന ബിജെപിക്കും പഠിക്കാനുണ്ട്. ഇന്ത്യ വിവിധ ഘടകങ്ങള്‍ ഒന്നിച്ചുചേര്‍ന്ന ഒരു ഉപഭൂഖണ്ഡമാണ്. വടക്കേ ഇന്ത്യയിലെ സ്ട്രാറ്റജി അല്ല കേരളത്തില്‍ നടപ്പില്‍ വരുത്തേണ്ടത്. ഓരോ പ്രദേശത്തിനനുസരിച്ചും അതിന് അനുയോജ്യമായ മാര്‍ക്കറ്റിങ് രീതികള്‍ രൂപപ്പെടുത്തുക. കോവിഡിനുമുമ്പുള്ള സാഹചര്യങ്ങളല്ല, കോവിഡിനുശേഷമുള്ളത്. സംരംഭകരും അത് മനസ്സിലാക്കിയിരിക്കുക.

അനിൽ ബാലചന്ദ്രൻ
ദ് സെയിൽസ്മാൻ

connect :
https://wa.me/919207428275

Watch Video :

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *