കോവിഡിലും ബിസിനസ്സ് വിജയിപ്പിക്കാനിതാ ചില മാർഗ്ഗങ്ങൾ

കോവിഡിലും ബിസിനസ്സ് വിജയിപ്പിക്കാനിതാ ചില മാർഗ്ഗങ്ങൾ

ഒരു വർഷത്തോളമായി കോവിഡ് പ്രതിസന്ധി നമ്മുടെ സാമ്പത്തിക രംഗത്തെ പിടിമുറുക്കിയിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരും ജീവിതം കരുപ്പിടിപ്പിക്കാനായി ചെറുകിട സംരംഭങ്ങൾ തുടങ്ങിയിരിക്കുകയാണ്. പലരും അതിൽ നിന്നും മികച്ച വരുമാനം നേടുന്നുണ്ട്. ഇതിൽ വിജയിക്കാൻ കഴിയാത്ത ആളുകളുമുണ്ട്.പുതുസംരംഭങ്ങൾ തുടങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ എളുപ്പത്തിൽ വിജയം നേടാനാകും.

പണം കരുതാം

ഒരു സംരംഭത്തിന് തുടക്കമിടുമ്പോൾ മൂന്ന് വർഷമെങ്കിലും മുന്നിൽ കണ്ട് പണം കരുതണം. മൂന്ന് വർഷമെങ്കിലും മുന്നോട്ട് കൊണ്ടു പോകാനുളള പണം കൈയിലുണ്ടാകണം. വായ്പയെടുത്തും, കൈയിലുളളതെല്ലാം എടുത്തുമാണ് പലരും ബിസിനസ്സിലേക്ക് ഇറങ്ങുന്നത്. ലാഭവും നഷ്ടവും ഇല്ലാതെ ഒരു വർഷമെങ്കിലും പ്രവർത്തിക്കേണ്ടി വരും. എത്ര കൂടുതൽ വില്പന നടത്തിയാലും ലാഭം ഉണ്ടാകാൻ കാത്തിരിക്കണം. നിങ്ങളുടെ സംരംഭത്തിന്റെ സ്വഭാവ അനുസരിച്ചാണ് ഇതുണ്ടാവുക. എത്ര ചെറിയ ബിസിനസ്സ് ആയാലും ഇത് മനസ്സിലുണ്ടാകണം

ജീവനക്കാരുടെ നിയമനം

സംരംഭം ആരംഭിക്കുമ്പോൾ വീട്ടിലുളളവർ തന്നെ ജീവനക്കാരാവുക. പുറത്ത് നിന്ന് ശമ്പളത്തിന് ഒരാളെ നിയമിക്കുന്നത് ആദ്യഘട്ടത്തിൽ ബാധ്യതയാകും. ലാഭത്തിൽ എത്തുമ്പോൾ കൂടുതൽ ജീവനക്കാരെ നിയമിക്കാം.

സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താം

നിങ്ങളുടെ ഉല്പന്നത്തിന്റെ വിപണി വിപുലപ്പെടുത്തുന്നതിന് സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താം. ചുരുങ്ങിയ ചെലവിൽ വിപുലമായ വിപണനം നടത്താൻ സോഷ്യൽ മീഡിയ സഹായിക്കും. കൂടാതെ നമുക്ക് അറിയാവുന്ന ആളുകൾ വഴി കച്ചവടം കൂടുതൽ പേരിലേക്ക് എത്തിക്കാനാകും. പണം അനാവശ്യ പരസ്യ പ്രചരണങ്ങൾക്ക് നൽകാതിരിക്കുക.

പ്രാദേശിക വിപണി

പ്രാദേശിക വിപണിയിൽ വേരുറപ്പിച്ച ശേഷം മാത്രം കൂടുതൽ സ്ഥലങ്ങളിലേക്ക് സംരംഭം വ്യാപിപ്പിക്കുക. ഉല്പന്നത്തിന്റെ സ്വീകാര്യത വലിയ രീതിയിൽ ഉറപ്പായാൽ മാത്രം വാഹനങ്ങൾ വാങ്ങുന്നത് പോലുളള തീരുമാനങ്ങൾ എടുക്കുക.

വായ്പ മുടക്കരുത്

വായ്പ അടവ് ഒരിക്കലും മുടക്കരുത്. ധനകാര്യ സ്ഥാപനങ്ങളുമായുളള ബന്ധത്തിൽ വിളളൽ വീഴ്ത്തരുത്. സംരംഭത്തിൽ നിന്നു ലഭിക്കുന്ന തുക അതിനായി മാത്രം ഉപയോഗിക്കുക. ജീവിതച്ചെലവും ബിസിനസ്സ് ചെലവും കൂട്ടിച്ചേർക്കരുത്. സംരംഭത്തിനായി പ്രത്യേക അക്കൗണ്ട് തുറക്കാം.

സ്വന്തം മേഖല

നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുന്ന മേഖല കണ്ടെത്തുക. നിങ്ങൾക്ക് കൂടുതൽ അറിവുളള മേഖലയിൽ ബിസിനസ്സ് ആരംഭിക്കുന്നത് ഗുണം ചെയ്യും. ഏത് ബിസിനസ്സിലും പ്രതിസന്ധി സ്വാഭാവികമാണ്. കഴിയാവുന്നത്ര പിടിച്ചു നിൽക്കാൻ ശ്രമിക്കണം. ആത്മവിശ്വാസം ഇല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുക. വിജയമല്ലെന്ന് തോന്നിയാൽ ബിസിനസ്സ് ഒരിക്കലും മുന്നോട്ട് കൊണ്ടു പോകരുത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *