ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണാഭരങ്ങള്‍ ജൂണ്‍ 15 മുതല്‍ വില്‍ക്കാനാകില്ല

ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണാഭരങ്ങള്‍ ജൂണ്‍ 15 മുതല്‍ വില്‍ക്കാനാകില്ല

കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹോള്‍മാര്‍ക്ക് സംവിധാനം നടപ്പിലാക്കേണ്ട സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. ജൂണ്‍ ഒന്നില്‍നിന്ന് ജൂണ്‍ 15ലേയ്ക്കാണ് തീയതി നീട്ടി നല്‍കിയത്. ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

2021 ജനുവരി 15 മുതല്‍ രാജ്യത്തുടനീളം സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുമെന്ന് 2019 നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ജ്വല്ലറികള്‍ ഇതിനായി കൂടുതല്‍ സമയം തേടിയതോടെ ജൂണ്‍ ഒന്ന് വരെ സമയപരിധി നീട്ടുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച സമയപിരധി വീണ്ടും നീട്ടിയത്. ജൂണ്‍ 15 മുതല്‍ ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയുകയുള്ളൂ.

ഹാള്‍മാര്‍ക്കിങ് സംബന്ധിച്ച് പരാതികള്‍ പരിഹരിക്കുന്നതിനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഡയറക്ടര്‍ ജനറല്‍ പ്രമോദ് തിവാരിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സ്വര്‍ണാഭരണങ്ങളുടെ വിശ്വാസ്യതയും ഉപഭോക്തൃ സംതൃപ്തിയും വര്‍ദ്ധിപ്പിക്കുന്നതിന് ജ്വല്ലറി / ആര്‍ട്ടിഫാക്റ്റുകളുടെ ഹാള്‍മാര്‍ക്കിങ് ആവശ്യമാണ്. മൂന്നാം കക്ഷി വഴി സ്വര്‍ണത്തിന്റെ വിശുദ്ധി / സൂക്ഷ്മത, ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. ലോകത്തെ പ്രമുഖ സ്വര്‍ണ വിപണന കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാന്‍ ഈ നടപടി സഹായിക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.

2000 ഏപ്രില്‍ മുതല്‍ ബിഐഎസ് സ്വര്‍ണാഭരണങ്ങള്‍ക്കായി ഹാള്‍മാര്‍ക്കിങ് സ്‌കീം നടത്തിവരിക്കുകയാണ്. നിലവില്‍ 40 ശതമാനത്തോളം സ്വര്‍ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അസ്സേയിങ്, ഹാള്‍മാര്‍ക്കിങ് സെന്ററുകളില്‍ 25 ശതമാനം വര്‍ധനയാണുണ്ടായത്. നിലവില്‍ 940 അസ്സേയിങ്, ഹാള്‍മാര്‍ക്കിങ് സെന്ററുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 84 കേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ സബ്സിഡി പദ്ധതി പ്രകാരം ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ നിലവിലുള്ള ശേഷി ഉപയോഗിച്ച് ഒരു വര്‍ഷം 14 കോടി സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് ചെയ്യാന്‍ കഴിയും.

ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 4 ലക്ഷം ജ്വല്ലറികളുണ്ട്. അതില്‍ 35,879 പേര്‍ക്ക് മാത്രമാണ് ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പാക്കാനാണ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത്. ഇത് പൊതുജനങ്ങളെ താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍നിന്ന് സംരക്ഷിക്കുമെന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ബിഐഎസ് പറഞ്ഞു. പ്രതിവര്‍ഷം 700-800 ടണ്‍ സ്വര്‍ണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *