ലോക്ഡൗണിന് ശേഷം ആരംഭിക്കാന്‍ കഴിയുന്ന ഏഴ് സംരംഭക ആശയങ്ങള്‍

ലോക്ഡൗണിന് ശേഷം ആരംഭിക്കാന്‍ കഴിയുന്ന ഏഴ് സംരംഭക ആശയങ്ങള്‍

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ ആണ് നമ്മള്‍ കടന്നു പോകുന്നത്. ബിസിനസ്സ് രംഗവും വലിയൊരു വിഷമ ഘട്ടത്തിലൂടെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിട്ടുണ്ട്. എന്നിരുന്നാലും ചില പ്രതീക്ഷകളും ഈ കാലഘട്ടം സംരംഭകര്‍ക്കായി നല്‍കുന്നുണ്ട്. ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ മുന്‍പോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്ന ബിസിനസ്സ് ആശയങ്ങളെ കുറിച്ചാണ് പലരും ചിന്തിക്കുന്നത്. ലോക്ക്ഡൗണിലും അതിന് ശേഷവും ആരംഭിക്കാവുന്ന മികച്ച സംരംഭക ആശയങ്ങളിതാ.

ആരോഗ്യ സംരക്ഷണ ഉല്പന്നങ്ങളുടെ വില്‍പ്പന

കോവിഡ് 19 ന്റെ വ്യാപനത്തോടെ വിവിധ തരം ഫെയ്സ് മാസ്‌ക്കുകളുടെയും ഹാന്‍ഡ് സാനിറ്റൈസറുകളുടെയും ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. വീടുകളില്‍ ഇരുന്ന് തന്നെ ചെയ്യാന്‍ സാധിക്കുന്ന ചെറിയ രീതിയിലുളള മാസ്‌ക് നിര്‍മ്മാണവും ഹാന്‍ഡ് സൈനിറ്റൈസര്‍ ഉല്പാദനവും ഗണ്യമായി വര്‍ധിച്ചു. നിരവധി സംരംഭകര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. ചെറുകിട ബിസിനസ്സ് ഉടമകളും, സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍, എസ്.എം.ഇ.കള്‍, എംഎസ്എംഇകള്‍ എന്നിവരെല്ലാം തന്നെ മാസ്‌ക് നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇവര്‍ പ്രാദേശിക ഷോപ്പുകളും, റീട്ടെയിലര്‍മാരും,മൊത്തക്കച്ചവടക്കാരും വഴി പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്തുന്നു.

ഡോര്‍ സ്റ്റെപ്പ് ഡെലിവറി

ഭാവിയില്‍ ഓണ്‍ലൈന്‍ വിതരണ ബിസിനസ്സ് കുതിച്ചുയരുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. പലചരക്ക് കടകള്‍, മാളുകള്‍, ഷോപ്പിങ്ങ് കോംപ്ലക്സുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് പകരം ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ താത്പര്യപ്പെടുന്നു. ഇത്തരം സ്ഥലങ്ങളില്‍ സന്ദര്‍ശിക്കുന്നതും ആളുകളുമായി ഇടപഴകുന്നതും രോഗം വരാനുളള സാധ്യത ഉണ്ടെന്നുളള ധാരണ ഉപഭോക്താക്കള്‍ക്ക് വന്നു കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ മാത്രമല്ല തുടര്‍ന്നും ഡോര്‍സെറ്റപ്പ് ഡെലിവറി നമുക്ക് മുന്നോട്ട് കൊണ്ടു പോകാനാകും. അവശ്യവസ്തുക്കളുടെ വിതരണം, പലചരക്ക് വിതരണം, മരുന്നുകളുടെ വിതരണം എന്നിവ ഇത്തരത്തില്‍ ചെയ്യാനാകും. നിര്‍ദ്ദിഷ്ട ബിസിനസ് ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നും ലൈസന്‍സുകള്‍ നേടേണ്ടതുണ്ട്.

ഭക്ഷണ വിതരണം

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ റസ്റ്റോറന്റുകള്‍ക്കും,ഫുഡ് ഔട്ട്ലെറ്റുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വഴി ഭക്ഷണം വില്‍ക്കാനുളള അനുമതി നല്‍കി. ഓരോ പ്രദേശത്തും ജനപ്രീതിയുളള ഭക്ഷണം കണ്ടെത്തി അതൊരു സംരംഭമായി ആരംഭിക്കാവുന്നതാണ്. പ്രാരംഭ നിക്ഷേപം വളരെ കുറവ് മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. പാചകക്കാരും, സഹായിയും ,വിദഗ്ധ പ്രൊഫഷണല്‍ സ്റ്റാഫുകളും ഉണ്ടെങ്കില്‍ ഇത് നമുക്ക് സ്വന്തമായി ചെയ്യാന്‍ സാധിക്കും.

ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസ്

കോവിഡ് 19 വ്യാപിച്ചതോടെ ക്ലാസുകളെല്ലാം തന്നെ ഓണ്‍ലൈനിലേക്ക് മാറി. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുളള ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് ഗുണം ചെയ്യും. ഓരോ വിഷയത്തിലും അറിവും, പരിചയവും ഉളളവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ട്യൂഷനും, കോച്ചിങ്ങ് ക്ലാസുകളും ആരംഭിക്കാന്‍ കഴിയും. ലാപ്ടോപ്പ്, ഇന്റര്‍നെറ്റ് കണക്ഷന്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ മാത്രമാണ് ആവശ്യം.

യൂട്യൂബ്

ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും നമുക്ക് വരുമാനം ലഭിക്കുന്ന കാലഘട്ടമാണിത്. യൂട്യൂബ് അതില്‍ ഏറെ ജനപ്രീതി നേടിയ ഓണ്‍ലൈന്‍ സംവിധാനമാണ്. നിങ്ങള്‍ക്ക് വ്യത്യസ്തമായൊരു യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ സാധിച്ചാല്‍ സബ്സ്‌ക്രൈബേഴ്സിനെ ലഭിക്കാന്‍ എളുപ്പമാണ്. നിങ്ങളുടെ വിഡിയോ ട്രെന്‍ഡിങ്ങില്‍ എത്തിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലൊരു യൂട്യൂബ് ചാനല്‍ തുടങ്ങാവുന്നതാണ്.

പെയിന്റിങ്ങ്

കലാകാരന്മാര്‍ക്ക് അവരുടെ പെയിന്റിംഗുകളോ, എന്തെങ്കിലും കലാസൃഷ്ടികളോ ഉപയോഗപ്പെടുത്തുവാനുളള സമയമാണിത്. വെര്‍ച്വല്‍ എക്സിബിഷന്‍ ഓണ്‍ലൈനായി നടത്തി കലാസൃഷ്ടികള്‍ വില്‍പ്പന നടത്താവുന്നതാണ്.

മറ്റു ചില ബിസിനസ്സുകള്‍

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി
ഫ്രീലാന്‍സിംഗ്, ബ്ലോഗിങ്ങ്
വെബ്സൈറ്റ് ഡവലപ്പ്മെന്റ്
ഫോട്ടോഗ്രാഫി ബിസിനസ്സ്
ഹാന്റ്മേഡ് വസ്ത്രങ്ങള്‍, കളിപ്പാട്ടം, ഹാന്റ്ബാഗ്,ഗ്രീറ്റിങ്ങ് കാര്‍ഡ് വിപണനം
മെഴുകുതിരി നിര്‍മ്മാണം
ആഭരണ നിര്‍മ്മാണം
ഗിഫ്റ്റ് ഐറ്റങ്ങളുടെ സംരംഭം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *