രാജ്യത്തെ ഏഴ് ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ ; കാരണം നിയമലംഘനം

രാജ്യത്തെ ഏഴ് ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ ; കാരണം നിയമലംഘനം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ ഒരുമാസത്തിനിടെ പിഴ ചുമത്തിയത് രാജ്യത്തെ ഏഴ് ബാങ്കുകള്‍ക്ക്. പ്രിയദര്‍ശിനി മഹിള നഗരി സഹകാരി ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്, നൂതന്‍ നഗരിക് സഹകാരി ബാങ്ക്, ഡൈംലര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ഹിമാചല്‍ പ്രദേശ് സഹകരണ ബാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടും. വിവിധ നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയത്. മൊത്തം 5 കോടി 95 ലക്ഷം രൂപയാണ് വിവിധ ബാങ്കുകളില്‍നിന്നായി റിസര്‍വ് ബാങ്കിന് പിഴയിനത്തില്‍ ലഭിച്ചത്.

മഹാരാഷ്ട്രയിലെ പ്രിയദര്‍ശിനി മഹില നഗരി സഹകാരി ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്ക് (സാഫ്) പ്രകാരം നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനോ ലംഘിച്ചതിനോ ആയിരുന്നു പിഴ. ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സിറ്റി യൂണിയന്‍ ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എന്നിവയ്ക്ക് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്. എംഎസ്എംഇ മേഖല, വിദ്യാഭ്യാസ വായ്പ, കാര്‍ഷിക വായ്പ എന്നിവക്കായി റിസര്‍വ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് സിറ്റി യൂണിയന്‍ ബാങ്കിനെതിരെ നടപടി എടുത്തത്.

അതുപോലെ ബാങ്കുകളിലെ സൈബര്‍ സുരക്ഷാ ചട്ടക്കൂടിനെക്കുറിച്ച് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് പിഴ ഒടുക്കിയത്. നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി, തട്ടിപ്പ് നിരീക്ഷിക്കല്‍, റിപ്പോര്‍ട്ടിങ് സംവിധാനം എന്നിവ സംബന്ധിച്ച സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 90 ലക്ഷം രൂപയാണ് അഹമ്മദാബാദിലെ നൂതന്‍ നഗരിക് സഹാരി ബാങ്കിന് ചുമത്തിയത്.

റിസര്‍വ് ബാങ്ക് 2017ല്‍ പുറത്തിറക്കിയ കൊമേഴ്സ്യല്‍ പേപ്പര്‍, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്നിവയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പൂനെയിലെ ഡൈംലര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് പിഴ ചുമത്തിയത്. 10 ലക്ഷം രൂപയാണ് ഡൈംലര്‍ ഫിനാന്‍ഷ്യല്‍ കെട്ടിവച്ചത്.

ബാങ്കുകളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോകളുടെ വര്‍ഗ്ഗീകരണം, മൂല്യനിര്‍ണ്ണയം, പ്രവര്‍ത്തനം എന്നിവയ്ക്കുള്ള വിവേകപൂര്‍ണമായ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനായിരുന്നു ഐസിഐസിഐ ബാങ്കിനെതിരെ ആര്‍ബിഐ നടപടി എടുത്തത്. മൂന്ന് കോടി രൂപയാണ് ബാങ്കിന് പിഴ ചുമത്തിയത്. നബാര്‍ഡ് പുറപ്പെടുവിച്ച റെഗുലേറ്ററി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് ഹിമാചല്‍ പ്രദേശ് സഹകരണ ബാങ്കായ ഷിംലയ്ക്ക് റിസര്‍വ് ബാങ്ക് 40 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ വിവിധ സെക്ഷനില്‍ ഉള്‍പ്പെടുത്തിയാണ് ഏഴ് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *