നികുതിദായകര്‍ക്ക് ഇ-ഫയലിങ്ങിന് പുതിയ പോര്‍ട്ടല്‍; ആദായനികുതി റിട്ടേണ്‍ തീയതി നീട്ടി

നികുതിദായകര്‍ക്ക് ഇ-ഫയലിങ്ങിന് പുതിയ പോര്‍ട്ടല്‍; ആദായനികുതി റിട്ടേണ്‍ തീയതി നീട്ടി

നികുതിദായകര്‍ക്ക് ഇ-ഫയലിങ്ങിന് പുതിയ വെബ്‌പോര്‍ട്ടലുമായി ആദായനികുതി വകുപ്പ്. ജൂണ്‍ ഏഴു മുതല്‍ www.incometaxgov.in എന്ന പുതിയ വെബ്‌പോര്‍ട്ടല്‍ വഴിയാണ് റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്. പുതിയ വെബ് മേല്‍വിലാസത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ജൂണ്‍ ഒന്നിനും ആറിനുമിടയില്‍ പഴയ വെബ് മേല്‍വിലാസമായ www.incometaxindiaefiling.gov.inല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തടസ്സം നേരിടുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

കൂടുതല്‍ ഉപയോക്തൃ സൗഹൃദപരമായാണ് പുതിയ പോര്‍ട്ടലിന്റെ രൂപകല്‍പന. ജൂണ്‍ ഏഴിന് പുതിയ പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെങ്കിലും 10 മുതല്‍ മാത്രമേ ഇതുവഴി നിര്‍ദേശങ്ങളും പ്രതികരങ്ങളും ആരായാവൂവെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

അതേസമയം, വ്യക്തികളുടെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി. ആദായനികുതി നിയമമനുസരിച്ച്, അക്കൗണ്ടുകളുടെ ഓഡിറ്റ് ആവശ്യമില്ലാത്തവരും സാധാരണയായി ഐ.ടി.ആര്‍ -1 അല്ലെങ്കില്‍ ഐ.ടി.ആര്‍ -4 ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുമായ വ്യക്തികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. എന്നാല്‍, രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ സാവകാശം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.

ഓഡിറ്റ് ആവശ്യമുള്ള കമ്പനികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് (സി.ബി.ഡി.ടി) നവംബര്‍ 30വരെയും നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് ഒക്ടോബര്‍ 31 ആയിരുന്നു. ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ഫോറം-16 നല്‍കുന്നതിനുള്ള സമയപരിധിയും ജൂലൈ 15വരെ നീട്ടി. സ്ഥാപനങ്ങള്‍ നികുതി ഓഡിറ്റ് റിപ്പോര്‍ട്ടും പ്രൈസിങ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാനുള്ള തീയതി യഥാക്രമം ഒക്ടോബര്‍ 31, നവംബര്‍ 30 ആണ്. കാലതാമസം വരുത്തിയതോ പുതുക്കിയ വരുമാന റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 31 ആണ്. കൂടാതെ ധനകാര്യ സ്ഥാപനങ്ങള്‍ ധന ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ (എസ്.എഫ്.ടി) സമര്‍പ്പിക്കേണ്ട തീയതി മേയ് 31ല്‍നിന്ന് ജൂണ്‍ 30വരെ നീട്ടിയതായും ആദായനികുതി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *