ബിബിസി മോഡല്‍ ചാനലുമായി കേന്ദ്രം; ഡിഡി ഇന്റര്‍നാഷണല്‍ വരുന്നു

ബിബിസി മോഡല്‍ ചാനലുമായി കേന്ദ്രം; ഡിഡി ഇന്റര്‍നാഷണല്‍ വരുന്നു

കൊവിഡ് രാജ്യത്ത് കൂടുന്നതിനിടയിലും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. പുതിയ ചാനല്‍ തുടങ്ങാന്‍ പോവുകയാണ് സര്‍ക്കാര്‍. ഡിഡി ഇന്റര്‍നാഷണല്‍ എന്നാണ് പേര്. ബിബിസിയെ പോലെ ലോകനിലവാരത്തിലുള്ള ചാനലായിരിക്കും ഇത്. ഇന്ത്യയുടെ ശബ്ദം ആഗോള തലത്തില്‍ എത്തിക്കുക എന്നതാണ് ഈ ചാനല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ആഭ്യന്തര തലത്തിലും ആഗോള തലത്തിലുമുള്ള വിഷയങ്ങളില്‍ ഇന്ത്യയുടെ ശബ്ദം ലോകരാജ്യങ്ങളിലേക്ക് എത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്‍.

കൊവിഡ്, പൗരത്വ നിയമം പോലെയുള്ള വിഷയങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനം ശക്തമായിരുന്നു. ഇനി അത്തരം കാര്യങ്ങളെ നേരിടാന്‍ കൂടിയാണ് ഈ ചാനല്‍.

ആഭ്യന്തര വിഷയത്തില്‍ ഇന്ത്യയുടെ വീക്ഷണങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഈ ചാനലിലൂടെ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പല വിഷയങ്ങളിലും ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയാണ് വിദേശ മാധ്യമങ്ങളില്‍ നിന്നുണ്ടാവുന്നതെന്ന് മോദി സര്‍ക്കാര്‍ സ്ഥിരമായി പറയാറുണ്ട്. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ ആശുപത്രികളിലെ സാഹചര്യം അടക്കം വിദേശ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതില്‍ കേന്ദ്രത്തിന് അമര്‍ഷമുണ്ട്.

പ്രസാര്‍ ഭാരതി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്ന ചാനല്‍ തുടങ്ങുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റ് സഹായം തേടിയിരിക്കുകയാണ്. സ്വകാര്യ കമ്പനികളില്‍ നിന്നാണ് ഇതിനുള്ള ബിഡ് തേടിയിരിക്കുന്നത്. പ്രൊജക്ടിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസാര്‍ ഭാരതി തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇന്ത്യയിലെ ജനങ്ങളോ വിദേശത്തുള്ള ഇന്ത്യന്‍ ജനവിഭാഗമോ മാത്രമല്ല, ആഗോള ജനവിഭാഗം തന്നെ കാഴ്ച്ചക്കാരായി ഈ ചാനലിനുണ്ടാവുമെന്ന് പ്രസാര്‍ ഭാരതി പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *