എംപെഡയുടെ ഞണ്ട് ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷ പേറ്റന്റ്

എംപെഡയുടെ ഞണ്ട് ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷ പേറ്റന്റ്

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപെഡ) മഡ് ക്രാബ് (ഞണ്ട്) ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ ആന്‍ഡ് ട്രേഡ് മാര്‍ക്ക്സ് കണ്‍ട്രോളര്‍ ജനറലില്‍ നിന്ന് 20 വര്‍ഷ പേറ്റന്റ് ലഭിച്ചു. ആദ്യമായാണ് ഈ സാങ്കേതികവിദ്യയ്ക്ക് തദ്ദേശീയ പേറ്റന്റ് ലഭിക്കുന്നതെന്നും ഇത് രാജ്യത്ത് മത്സ്യകൃഷിയില്‍ നാഴികക്കല്ലാണെന്നും എംപെഡ ചെയര്‍മാന്‍ കെ.എസ്. ശ്രീനിവാസ് പറഞ്ഞു.

എംപെഡയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2011 മുതല്‍ 2030 വരെയാണ് പേറ്റന്റ് കാലാവധി. ചെമ്മീന്‍ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന മത്സ്യകര്‍ഷകര്‍ക്ക് വൈവിദ്ധ്യമാര്‍ന്ന മത്സ്യയിനങ്ങള്‍ കൃഷി ചെയ്യാനുള്ള അവസരമാണ് ഈ നേട്ടത്തിലൂടെ കൈവന്നതെന്ന് കെ.എസ്. ശ്രീനിവാസ് പറഞ്ഞു. ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ ഡിമാന്‍ഡുള്ളതാണ് ഈ ഞണ്ട് ഇനം. ജീവനോടെയുള്ള ഞണ്ടുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇതിന്റെ മറ്റൊരു ഹാച്ചറിയും രാജ്യത്തില്ല. 2004ല്‍ തന്നെ ചെളി ഞണ്ടിനായി എംപെഡ ഹാച്ചറി തുടങ്ങിയിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഹാച്ചറി ആരംഭിച്ചത് 2013ലാണ്. പ്രതിവര്‍ഷം 10 ലക്ഷം ഞണ്ടിന്‍കുഞ്ഞുങ്ങളെയാണ് ഇവിടെ വികസിപ്പിച്ചിരുന്നത്. ഡിമാന്‍ഡ് ഏറിയതോടെ ഇത് 14 ലക്ഷമായി ഉയര്‍ത്തി. ഞണ്ടിന്‍ കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് മൂന്നു ശതമാനത്തില്‍ നിന്ന് ലോക റെക്കാഡായ ഏഴ് ശതമാനത്തിലുമെത്തിച്ചു.

ഇതിനകം 659 കര്‍ഷകര്‍ക്കായി 72.80 ലക്ഷം ഞണ്ടിന്‍ കുഞ്ഞുങ്ങളെ കൈമാറി. വിദേശത്തുള്‍പ്പെടെ വന്‍ ഡിമാന്‍ഡുള്ള മത്സ്യയിനങ്ങളായ കാളാഞ്ചി, ആവോലി, മോദ, ഞണ്ട്, ഗിഫ്റ്റ തിലാപ്പിയ, ജൈവ തീറ്റയായ ആര്‍ട്ടീമിയ എന്നിവയുടെ വാണിജ്യാധിഷ്ഠിത ഉത്പാദനത്തിനായി രൂപീകരിച്ചതാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *