ലീല – ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ മികച്ച ബ്രാന്‍ഡായതിനു പിന്നിലെ പെണ്‍കരുത്തിന്റെ കഥ

ലീല – ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ മികച്ച ബ്രാന്‍ഡായതിനു പിന്നിലെ പെണ്‍കരുത്തിന്റെ കഥ

ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായത്തില്‍ വിജയ കൊടി പാറിച്ച പെണ്‍കരുത്തിന്റെ പേരായിരുന്നു ലീല.ലീല ഹോട്ടല്‍സിന്റെ സ്ഥാപകന്‍ കൃഷ്ണന്‍ നായര്‍തന്നെ പില്‍ക്കാലത്ത് ലീല കൃഷ്ണന്‍ നായര്‍ എന്നാണു വ്യവസായ ലോകത്ത് അറിയപ്പെട്ടത്. ഇപ്പോഴിതാ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല വിടവാങ്ങുന്നത് ഇന്ത്യന്‍ വ്യവസായ ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡിനെ അനശ്വരമാക്കിയാണ്.

കൃഷ്ണന്‍നായര്‍ ലീല ലേസ് എന്ന സ്ഥാപനത്തില്‍നിന്നാണ് വന്‍ ഹോട്ടല്‍ശൃംഖല പടുത്തുയര്‍ത്തിയത്. ഭാര്യയുടെപേരിലാണ് എല്ലാ സംരംഭങ്ങളും അദ്ദേഹം തുടങ്ങിയത്.
ലീലയുടെ ഉറച്ച പിന്തുണയാണു ഹോട്ടല്‍ എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കൃഷ്ണന്‍ നായരെ പ്രേരിപ്പിച്ചത്. ലീല ലെയ്‌സിന്റെ വിപണനവുമായി ബന്ധപ്പെട്ട വിദേശയാത്രകളില്‍ കൃഷ്ണന്‍ നായര്‍ക്കു കൂട്ടായി എന്നും ലീലയുമുണ്ടായിരുന്നു

പട്ടാളസേവനം നിര്‍ത്തി ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ വ്യവസായരംഗത്ത് സജീവമായപ്പോള്‍ ഉണ്ടായ ഓരോ വളര്‍ച്ചയ്ക്കും കൂട്ടായി ലീലാ നായരും കൂടെനിന്നു. ഓരോ സംരംഭത്തിലേക്ക് കാലൂന്നുമ്പോഴും അദ്ദേഹത്തിന്റെ വലിയ കരുത്തായിരുന്നു അവര്‍.

എല്ലാവരെയും സല്യൂട്ട് ചെയ്തു ജീവിതം പാഴാക്കരുതെന്നും, മറ്റു ചില ലക്ഷ്യങ്ങള്‍ വേണമെന്നുമുള്ള ലീലയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു കൃഷ്ണന്‍ നായര്‍ സൈനിക ജോലിയില്‍നിന്നു വ്യവസായ ലോകത്തേക്ക് എത്തുന്നത്. ആ ദൗത്യം ഇന്ന് വലിയ വിജയത്തിലെത്തിയിരിക്കുന്നു.

ഏതൊരു പുരുഷന്റെ അഭിവൃദ്ധിക്കു പിന്നിലും സ്ത്രീയുടെ കൈയുണ്ടാവും എന്ന് കൃഷ്ണന്‍നായര്‍ പലപ്പോഴും പറയുമായിരുന്നു. താന്‍ ഓരോ സംരംഭം തുടങ്ങുമ്പോഴും എല്ലാറ്റിന്റെയും വളര്‍ച്ചയ്ക്ക് ഒരു വഴി കാണുമെന്ന് ലീല പറയുമായിരുന്നെന്ന് കൃഷ്ണന്‍ നായര്‍ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു.

ഭാര്യ ലീലയോട് അത്രമാത്രം ആദരവും സ്‌നേഹവും ജീവിതത്തിലുടനീളം അദ്ദേഹം വെച്ചുപുലര്‍ത്തി. തന്റെ ആത്മകഥയ്ക്ക് കൃഷ്ണലീല എന്ന പേരുനല്‍കിയതിനു പിന്നിലും ഭാര്യ ലീലയോടുള്ള ആദരംതന്നെയായിരുന്നു. ഒരു അംശം കോല്‍ക്കാരന്റെ മകന് ആലോചിക്കാവുന്നതിന് എത്രയോ അപ്പുറത്തായിരുന്നു അഴീക്കോടെ വ്യവസായ പ്രമുഖനായ എ.കെ. നായരുടെ മകള്‍ ലീലയുമായുള്ള വിവാഹമെന്ന് അദ്ദേഹം ആത്മകഥയില്‍ എഴുതിയിരുന്നു.

പട്ടാള സേവനകാലത്താണ് 1950-ല്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ എ.കെ. നായരുടെ മകള്‍ ലീലയെ വിവാഹം ചെയ്യുന്നത്. വ്യവസായരംഗത്ത് തളര്‍ന്നുപോകുമായിരുന്ന ഒട്ടേറെ അവസരങ്ങളില്‍ ലീലയുടെ വാക്കുകള്‍ തനിക്ക് പുതിയ കുതിപ്പിനുള്ള സിദ്ധൗഷധമായി മാറിയിട്ടുണ്ടെന്നും കൃഷ്ണന്‍ നായര്‍ പറയുമായിരുന്നു.

സ്‌നേഹം എന്ന നിക്ഷേപം നാം നടത്തുന്നത് ഹൃദയത്തിലാണെന്നും തന്റെ ജീവിതത്തില്‍ ലീലയോട് ഒരിക്കലും ‘നോ’ എന്ന വാക്ക് പറയേണ്ടിവന്നിട്ടില്ലെന്നും കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തേക്ക് സഞ്ചരിച്ചപ്പോഴും ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ക്കൊപ്പം ലീലാ നായരും ഉണ്ടായിരുന്നു.

ലോകത്തിലെ പ്രശസ്ത വ്യക്തിത്വങ്ങളെ സ്വീകരിക്കാന്‍ നില്‍ക്കുമ്പോള്‍ തന്നോടൊപ്പം ക്യാപ്റ്റന്‍, ലീലയെയും ചേര്‍ത്തുനിര്‍ത്തി. നല്ല പാതി എന്ന സ്വപ്‌നത്തെയാണ് കൃഷ്ണന്‍ നായര്‍ ലീലയിലൂടെ സാക്ഷാത്കരിച്ചത്. 2014 മേയ് 17-നാണ് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ വിടപറയുന്നത്.

അതിനുശേഷം അന്ധേരിയിലെ വസതിയില്‍ മക്കളായ വിവേകിനും ദിനേശിനും ഒപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു ലീല. ഭര്‍ത്താവ് ക്യാപ്റ്റന്‍ സി.പി.കൃഷ്ണന്‍നായര്‍ ലീലയുടെ പേര് ഒരു വ്യവസായ സാമ്രാജ്യമായി വളര്‍ത്തിയപ്പോള്‍, ‘ലീല’ വ്യവസായലോകത്തെ അമൂല്യമായ പേരുകളിലൊന്നായി. കൃഷ്ണന്‍ നായരുടെ ഏഴാം ചരമവാര്‍ഷികത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണു പ്രിയപത്‌നി ലീലയുടെ വിയോഗം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *