അമേരിക്കയില്‍നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങില്‍ ഉപരിപഠനം നേടിയ തമിഴ്‌നാട്ടിലെ പുതിയ ധനമന്ത്രിയുടെ വിശേഷങ്ങള്‍

അമേരിക്കയില്‍നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങില്‍ ഉപരിപഠനം നേടിയ തമിഴ്‌നാട്ടിലെ പുതിയ ധനമന്ത്രിയുടെ വിശേഷങ്ങള്‍

മികച്ച ഭൂരിപക്ഷത്തോടെ തമിഴ്‌നാട്ടില്‍ അധികാരമേറ്റ സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഏറെ ശ്രദ്ധേയനാവുകയാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍. തിരുച്ചി എന്‍ ഐ ടിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ലോന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം ബി എ. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി എന്നിങ്ങനെ മന്ത്രിസഭയിലെ തന്നെ ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തിയാണ് അദ്ദേഹം.

ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കരിയറിന്റെ തുടക്കം അമേരിക്കയിലെ ലീമാന്‍ ബ്രദേഴ്സില്‍ നിന്നാണ്. പിന്നീട് സിംഗപ്പൂരിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ മാനേജിംഗ് ഡയറക്ടറായി. ഉയര്‍ന്ന വിദ്യാഭ്യാസവും ആഗോള കാഴ്ചപ്പാടുകളുമുള്ള പളനിവേലിനെ പോലെയുള്ളവര്‍ രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത് തമിഴ്നാട് രാഷ്ട്രീയത്തിന്റെ ദിശാമാറ്റമായാണ് പലരും വിശേഷിപ്പിക്കുന്നത്.

2006ല്‍ മരിച്ച പിതാവ് പി ടി ആര്‍ പളനിവേല്‍ രാജന്‍ ഡി എം കെയുടെ പ്രധാന നേതാവും തമിഴ്നാട് നിയമസഭയില്‍ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്നു. മുത്തച്ഛന്‍ പി ടി രാജന്‍ ആകട്ടെ 1936ല്‍ മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും ജസ്റ്റീസ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. തന്റെ ഇരുപതുകളില്‍ പിതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുകള്‍ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു പളനിവേല്‍ രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്.

2016ലും 2021ലും മധുര സെന്‍ട്രല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പളനിവേല്‍ സഭയില്‍ എത്തിയത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗില്‍ നിന്നും വിദേശ പഠനത്തില്‍ നിന്നും ലഭിച്ച ആശയങ്ങള്‍ തമിഴ്നാട്ടില്‍ നടപ്പാക്കാനുളള ഒരുക്കത്തിലാണ് പളനിവേല്‍. അമേരിക്കക്കാരി മാര്‍ഗ്രറ്റാണ് പളനിവേലിന്റെ ഭാര്യ. ഈ ദമ്പതികള്‍ക്ക് പളനി തേവര്‍ രാജന്‍, വേല്‍ ത്യാഗരാജന്‍ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *