ഏഴ് രാജ്യങ്ങളിൽ നിന്നുളള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ

ഏഴ് രാജ്യങ്ങളിൽ നിന്നുളള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ

ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്.. ദക്ഷിണാഫ്രിക്ക, നമീബിയ. ബോട്‌സ്വാന, സിംബാവെ, ലിസോത്തോ, ഈസ്വാതിനി, മൊസാംബിക്ക് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഒമാനിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. നവംബർ 28 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങൾ സന്ദർശിച്ചവർക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകില്ല.

പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന,ലിസോത്തോ, ഇസ്വാതിനി,സിംബാവെ, മൊസംബിക് എന്നീ രിജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് യുഎഇയിൽ താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റും അറിയിച്ചു.

നവംബർ 29 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം യുഎഇയിലേക്ക് വരാം. എന്നാൽ യുഎഇ പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസയുള്ളവർ എന്നിവർക്ക് ഇളവുകളുണ്ട്. ഇവർ യാത്രക്ക് 48 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം. വിമാനത്താവളത്തിൽ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം.

10 ദിവസം ക്വാറന്റീനിൽ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പിസിആർ പരിശോധന നടത്തുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി.എന്നാൽ ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് യുഎഇ നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. യുഎഇ പൗരന്മാർ ഈ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികൾ, അടിയന്തര മെഡിക്കൽ, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്ക് ഇളവുകളുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *