ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വൻ കമ്പനികളെ ക്ഷണിക്കാകേരളം ദുബായ് ഐടി മേളയിൽ

ദുബായിൽ നടന്ന ഐടി മേളയിൽ കേരളം പങ്കെടുത്തു. കേരളത്തിൽ നിന്ന് 30 ഐടി കമ്പനികളും 20 സ്റ്റാർട്ടപ്പുകളുമാണ് പങ്കെടുത്തത്. ഐടി മേഖലയിൽ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ബോധ്യപ്പെടുത്തുകയും നിക്ഷേപകരെ കൂടുതൽ ആകർഷിക്കുകയുമായിരുന്നു ലക്ഷ്യം. ഐടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ, ഐടി പാർക്‌സ് സിഇഒ ജോൺ എംതോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കേരള സംഘം ചർച്ചകൾ നടത്തുന്നത്. വൻ കമ്പനികളെയും മധ്യ പൂർവ ദേശത്തു നിന്നുളള ഐടി സ്ഥാപനങ്ങളെയും കേരളത്തിൽ എത്തിക്കാനുളള പദ്ധതികൾക്കാണ് മുൻഗണനയെന്ന് ജോൺ എം.തോമസ് അറിയിച്ചു.

സ്വർണ്ണ വില കൂടി: ഇന്ന് പവന് 35,560

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കൂടി. പവന് 120 രൂപ കൂടി 35,560 ആയി. ഗ്രാമിന് 15 രൂപ വർധിച്ച് 4445 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,773.60 ഡോളറായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില ഗ്രാമിന് 47,405 നിലവാരത്തിലാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് മൂല്യം കുറഞ്ഞിട്ടുണ്ട്.

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം: ഐആർസിടിസിയും ഐഇഎക്‌സും 10 ശതമാനം ഇടിഞ്ഞു

അനുകൂലമായ ആഗോള സാഹചര്യങ്ങളെ തുടർന്ന് സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചുവെങ്കിലും വൈകാതെ നഷ്ടത്തിലായി. നിഫ്റ്റി 18,450 കടന്നപ്പോൾ സെൻസെക്‌സ് 61,873 തൊട്ട് ശേഷം 61,800 ലേക്ക് താഴ്ന്നു. സെൻസെക്‌സ് 118.33 പോയന്റ് ഉയർന്ന് 61,834. 38 ലും നിഫ്റ്റി 22.50 പോയന്റ് വർധിച്ച് 18,441.30 ലുമാണ് വ്യാപാരം തുടങ്ങിയത്.വൈകാതെ സെൻസെക്‌സ് 189.94 പോയന്റ് താഴ്ന്ന് 61,526.11 ലും നിഫ്റ്റി 72.40 പോയന്റ് ഇടിഞ്ഞ് 18,346 ലുമെത്തി.

ഇന്ധന വില ഇന്നും കൂടി

ഇന്ധന വില ഇന്നും വർധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 108.44 ഉം ഡീസൽ വില 102.10 ഉം ആണ്. കൊച്ചിയിൽ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസൽ 100.42 ഉം പെട്രോൾ വില 106.71 ഉം ആയി ഉയർന്നു. എണ്ണക്കമ്പനികൾ ദിവസേനെ ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

ചീഫ് എക്കണോമിസ്റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു

അന്താരാഷ്ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ്, ഹാർവാർഡ് സർവകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങും. അന്താരാഷ്ട്യ നാണ്യനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഐഎംഎഫിൽ രാജ്യങ്ങളുടെ ജിഡിപി വളർച്ച നിരീക്ഷിക്കുന്ന വിഭാഗത്തിൻറെ അധ്യക്ഷയാണ് നിലവിൽ ഗീതാ ഗോപിനാഥ്. ഹാർവാഡ് സവർകലാശാല അനുവദിച്ച അവധി തീർന്നതോടെയാണ് സ്വന്തം വകുപ്പിലേക്ക് മടങ്ങുന്നത്. 2018 ഒക്ടോബറിലാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. കേരള സർക്കാരിൻറെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *