ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സെൻസെക്‌സ് ഇതാദ്യമായി 62,000 കടന്നു

സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോർഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങളുമാണ് പുതിയ ഉയരം കീഴടക്കാൻ വിപണിയ്്ക്ക് കരുത്തായത്. വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും വിപണിയിലെ ഇടപെടൽ തുടർന്നതോടെ എട്ടാമത്തെ ദിവസമാണ് വിപണി കുതിക്കുന്നത്. 390 പോയന്റ് നേട്ടത്തോടെയാണ് സെൻസെക്‌സിൽ വ്യാപാരം ആരംഭിച്ചത്. 62, 156 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 18,600 കടക്കുകയും ചെയ്തു. 101 പോയന്റാണ് നിഫ്റ്റിയിലെ നേട്ടം. ഐആർസിടിസിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി പിന്നിട്ടു.

ദീപാവലിക്ക് പുതിയ ആഭരണ ശേഖരവുമായി കല്യാൺ ജൂവല്ലേഴ്‌സ്

ദീപാവലി ആഘോഷ വേളയിൽ കല്യാൺ ജുവല്ലേഴ്‌സ് വേധ എന്ന പേരിൽ പുതിയ ആഭരണ ശേഖരം അവതരിപ്പിച്ചു. കരവിരുതിൽ തീർത്ത പരമ്പരാഗത ആഭരണങ്ങളാണ് പുതിയ ശേഖരത്തിലുളളത്. പ്രഷ്യസ് സ്റ്റോണുകളും സെമി പ്രഷ്യസ് സ്റ്റോണുകളും ചേർത്ത് മനോഹരമാക്കിയതാണ് ആഭരണങ്ങൾ. പരമ്പരാഗത രൂപ കല്പനകൾക്കൊപ്പം നവീനമായ പ്രഷ്യസ് കട്ട് സ്റ്റോണുകളായ റൂബി, എമറാൾഡ്, സഫയർ, അൺകട്ട് ഡയമണ്ട് തുടങ്ങിയവ ഉൾപ്പെടുത്തിയതാണ് വേധ ആഭരണങ്ങൾ.

മാറ്റമില്ലാതെ ഇന്ധന വില

രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ വർധനവിന് ശേഷമാണ് രണ്ട് ദിവസം വില വർധനവ് നിശ്ചലമായിരിക്കുന്നത്. റെക്കോർഡ് ഉയരത്തിലാണ് ഇന്ധന വില. ഓരോ ദിവസവും പെട്രോൾ, ഡീസൽ നിരക്ക് റെക്കോർഡ് വില കുറിച്ച് മുന്നോട്ട് പോവുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയിൽ ഉണ്ടായ വർധനവും ഒപ്പം ഡോളറിനെതിരെ രൂപ ദുർബലമാകുന്നതും പ്രാദേശിക ഇന്ധന വില കുതിക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ഈ മാസം ഇതുവരെ ഇന്ധനവില വർധിച്ചതല്ലാതെ കുറഞ്ഞിട്ടില്ല.

ഇന്ന് സ്വർണ്ണവില 35,440

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 35,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4420 രൂപയും. ഇന്നലെ പവന് 80 രൂപ ഉയർന്നിരുന്നു. ഒക്ടോബർ 1ാം തീയ്യതി പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്.ഒക്ടോബർ 15ന് സ്വർണ വില പവന് 35,840 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. 1,776.79 ഡോളറിലാണ് ട്രോയ് ഔൺസ് നിലവിൽ വ്യാപാരം നടത്തുന്നത്. ദേശീയ വിപണി എംസിഎക്‌സിൽ ഗോൾഡ് 10 ഗ്രാമിന് 47,349.00 രൂപയാണ് ഇന്നത്തെ നിരക്ക്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *