തത്കാലം ലോഡ്‌ഷെഡിങ്ങ് ഉണ്ടാകില്ല: അധിക വിലയ്ക്ക് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും

തത്കാലം ലോഡ്‌ഷെഡിങ്ങ് ഉണ്ടാകില്ല: അധിക വിലയ്ക്ക് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും


വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്ത് തൽക്കാലം ലോഡ്‌ഷെഡിംഗും പവർകട്ടും ഉണ്ടാകില്ല. 19 വരെ ലോഡ്‌ഷെഡിംഗും പവർകട്ടും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ധാരണയായി. പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടർ നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതിൽ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള ദീർഘകാല കരാറിൻറെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്.

കൽക്കരി ക്ഷാമം മൂലം ഉത്പാദനത്തിൽ കുറവ് വന്നതോടെ കേരളത്തിന് പ്രതിദിനം 1800 മുതൽ 1900 മെഗാവാട്ട് വരെ വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. മൂന്നൂറ് മുതൽ 400 മെഗാവട്ട് വരെ വൈദ്യുതിയുടെ കുറവാണുള്ളത്. ഇത് മറികടക്കാൻ രണ്ട് കോടിയോളം അധികം ചെലവിട്ട് മൂന്നൂറ് മെഗാവാട്ട് വൈദ്യുതിയോളം പവർ ഏക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങുകയാണ്. അടുത്ത ചെവ്വാഴ്ച വരെ ഈ സ്ഥിതി തുടരും. കൽക്കരി ക്ഷാമം പരിഹരിക്കുമെന്ന കേന്ദ്ര ഊർജ്ജമന്ത്രിയുടെ ഉറപ്പ് അംഗീകരിച്ച് കൊണ്ടാണ് തൽക്കാലം പവർകട്ടും ലോഡ്‌ഷെഡിംഗും വേണ്ടെന്ന നിലപാടിലേക്ക് കേരളം എത്തിയത്. അധകവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിൻറെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരുമെന്നതിനാൽ ഒരാഴ്ച കാത്തിരിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *