ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടൊയോട്ട യാരിസ് നിർത്തി

മിഡ് സൈസ് സെഡാൻ യാരിസിന്റെ വിൽപ്പന ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയിൽ അവസാനിപ്പിച്ചു. 2018 ലാണ് യാരിസ് വിപണിയിലെത്തിയത്. ഏകദേശം 19800 യൂണിറ്റ് ഇതുവരെ വിറ്റു. നിലവിലെ യാരിസ് ഉടമകൾക്ക് അടുത്ത 10 വർഷത്തേക്ക് സർവീസ് സ്‌പെയർ പാർട്‌സ് സേവനങ്ങൾ തുടരുമെന്നും ടോയോട്ട അറിയിച്ചു. 2022 ൽ കൂടുതൽ വാഹന മോഡലുകൾ ഇന്ത്യയിൽ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

സൂചികകളിൽ ഇടിവ്

ആഗോള കാരണങ്ങൾ രണ്ടാം ദിവസവും വിപണിയെ നഷ്ടത്തിലാക്കി. നിഫ്റ്റി 17,700 ന് താഴെയെത്തി. സെൻസെക്‌സ് 449 പോയിന്റ് നഷ്ടത്തിൽ 59,217 ലും നിഫ്റ്റി 121 പോയന്റ് താഴ്ന്ന് 17,626 ലുമാണ് വ്യാപാരം ആരംഭിച്ചത്.പത്തു വർഷത്തെ യുഎസ് സർക്കാർ കടപ്പത്ര നിരക്ക് 1.65 ശതമാനത്തിലേക്ക് ഉയർന്നതാണ് ആഗോള തലത്തിൽ വിപണികളെ ബാധിച്ചത്. നാസ്ദാക്ക്, എസ്ആൻഡ്പി 500 സൂചികകൾ രണ്ടു ശതമാനം നഷ്ടം നേരിട്ടു. യുഎസ് ബോണ്ട് വരുമാനത്തിലെ വർധന ഓഹരി വിപണികളിൽ തിരുത്തലിന് കാരണമായേക്കുമെന്ന് നേരത്തെ തന്നെ നിക്ഷേപ ലോകം ചർച്ച ചെയ്തിരുന്നു.

മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്ടോബർ ഒന്നു മുതൽ അസാധുവാകും

മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്ടോബർ ഒന്നു മുതൽ അസാധുവായി മാറും. ഇന്ത്യൻ ബാങ്കിൽ ലയിപ്പിച്ച അലഹബാദ് ബാങ്ക്, പഞ്ചാബ് നാഷണൽബാങ്കിൽ ലയിപ്പിച്ച ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്കുകളാണ് അസാധുവാക്കുക. അലഹബാദ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇന്ത്യൻ ബാങ്കിന്റെ സേവനങ്ങൾ ലഭ്യമാകുമെന്നും പുതിയ ചെക്ക് ബുക്കിനായി നെറ്റബാങ്കിങ്ങ് , മൊബൈൽ ബാങ്കിങ്ങ് അല്ലെങ്കിൽ ശാഖകളിൽ നേരിട്ട് പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാമെന്നും ഇന്ത്യൻ ബാങ്ക് അറിയിച്ചു.

ആദിത്യ ബിർള സൺലൈഫ് എഎംസി ഐപിഒ ഇന്ന് മുതൽ

രാജ്യത്തെ നാലാമത്തെ വലിയ ഫണ്ട് ഹൗസായ ആദിത്യ ബിർള സൺലൈഫ് എഎംസിയുടെ പ്രഥമ ഓഹരി വിൽപ്പന ഇന്ന് തുടങ്ങി. ഐപിഒ വഴി 2768 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതി ഓഹരി 695-712 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ ഒക്ടോബർ 1 ന് അവസാനിക്കും. ഐപിഒയിൽ പൂർണ്ണമായും ഓഫർ ഫോർ സെയിൽ മാർഗത്തിലൂടെയാണ് ഓഹരികൾ വിറ്റഴിക്കുക. പ്രൊമോട്ടർമാരായ ആദിത്യബിർള ക്യാപിറ്റലും സൺലൈഫ് എഎംസി ഇൻവെസ്റ്റ്‌മെന്റ്‌സും അസറ്റ് മാനേജ്‌മെന്റ് കമ്പനിയിലുളള അവരുടെ ഓഹരികൾ വിറ്റഴിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *