ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വിദേശ സഞ്ചാരികളുടെ വരവിൽ ഇടിവ്

രാജ്യത്തേക്ക് എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഇടിവ്. കഴിഞ്ഞ വർഷം 74.9 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2019 ൽ 1.09 വിദേശ സഞ്ചാരികൾ വന്നെങ്കിൽ കേവിഡ് ഉൾപ്പടെയുളള പ്രതിസന്ധി പിടിമുറക്കിയപ്പോൾ 2020 ൽ അത് 27.4 ലക്ഷമായി കുറഞ്ഞു. വിനോദ സഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇന്ത്യ ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് 2021 ലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ നിന്നും കഴിഞ്ഞ വർഷം 50136 കോടി രൂപയുടെ വിദേശ നാണ്യം രാജ്യത്തിനു ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിസുരക്ഷാ നമ്പർ പ്ലേറ്റ് എല്ലാ വാഹനങ്ങളിലും വേണമെന്ന് വീണ്ടും കേന്ദ്ര നിർദ്ദേശം

അതിസുരക്ഷാ നമ്പർ പ്ലേറ്റ് എല്ലാ വാഹനങ്ങളിലും വയ്ക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്കും വീണ്ടും നിർദ്ദേശം നൽകി. 2019 ഏപ്രിലിൽ ഇതു സംബന്ധിച്ച് കേന്ദ്ര നിർദ്ദേശം വന്നെങ്കിലും കേരളം ഉൾപ്പടെയുളള സംസ്ഥാനങ്ങളിൽ പുതിയ വാഹനങ്ങൾക്ക് മാത്രമാണ് അതി സുരക്ഷാ നമ്പർ പ്ലേറ്റ് നിഷ്‌കർഷിച്ചുളളു. പഴയ വാഹങ്ങൾക്ക് ഇത് നടപ്പാക്കിയിരുന്നില്ല. പുതിയ സർക്കുലറിലും കർശനമായ സമയപരിധി അറിയിച്ചിട്ടില്ല.

എം.പി.ചെറിയാൻ ഉപാസി പ്രസിഡന്റ്

യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി)യുടെ പ്രസിഡന്റായി മലയാളി എം.പി.ചെറിയാൻ ചുമതലയേറ്റു. ദക്ഷിണേന്ത്യയിലെ തോട്ടമുടമകളുടെ സംഘടനയാണ് ഉപാസി.

സ്വർണ്ണ വില കുറഞ്ഞു: പവന് 34,560

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 34,560 ലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4320 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1756 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 45,984ആയി താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണ്ണവില.

നേട്ടമില്ലാതെ ഓഹരിവിപണി

നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലേക്ക് എത്തി. സെൻസെക്‌സ് 89 പോയന്റ് താഴ്ന്ന് 59,995 ലും നിഫ്റ്റ് 10 പോയന്റ് നഷ്ടത്തിൽ 17,845 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണ വില കുതിക്കുന്നതും ഏഷ്യൻ വിപണികളിലെ ചാഞ്ചാട്ടവുമാണ് സൂചികകളെ ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് നേട്ടത്തിൽ നിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടരുന്നതിനാൽ സൂചികകൾ സമ്മർദ്ദത്തിലാണ്. ഐടി സൂചിക ഒരു ശതമാനവും റിയാൽറ്റി രണ്ടു ശതമാനവും നഷ്ടം നേരിട്ടു. പൊതുമേഖല ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് നേട്ടമുണ്ടാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *