നൂതന ന്യൂറോ ഫിസിയോ തെറാപ്പി ഇനി പൊതുമേഖലയിലും

നൂതന ന്യൂറോ ഫിസിയോ തെറാപ്പി ഇനി പൊതുമേഖലയിലും

ഇരിങ്ങാലക്കുട: സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന അഡ്വാൻസ്ഡ് ന്യൂറോ വാസ്‌കുലാർ ഫിസിയോതെറാപ്പി ട്രീറ്റ്മെന്റ് ഇനി പൊതുമേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലാണ് (നിപ്മർ) നൂതന ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തിക്കുന്നത്.
നാഡീ സംബന്ധവും ന്യൂറോ വാസ്‌കുലാർ സംബന്ധവുമായ പ്രശ്നങ്ങൾ മൂലം ചലന ശേഷിയിലും പ്രവർത്തന ക്ഷമതയിലും ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള ചികിത്സയാണ് ഇനി സാധാരണക്കാർക്കും ലഭ്യമാകുക. സ്വകാര്യ മേഖലയിൽ വലിയ ചെലവ് വരുന്ന ചികിത്സ സർക്കാർ മേഖലയിൽ ആദ്യമായാണ് ലഭ്യമാകുന്നത്.
പേശീ ബലക്ഷയം, ശരീരം ബാലൻസ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ, ശരീരം പ്രവർത്തന ക്ഷമമല്ലാത്ത അവസ്ഥ, സംവേദന ശേഷിക്കുറവ് എന്നീ പ്രശ്നങ്ങളെ പരിഹരിക്കുന്ന നൂതന സംവിധാനമാണ് ന്യൂറോ ഫിസിയോ തെറാപ്പി. അത്യാധുനിക സംവിധാനമായ ഹ്യൂബർ360 ഉൾപ്പടെയുള്ള ഉപകരണങ്ങളാണ് ന്യൂറോ തെറാപ്പിക്കായി ഉപയോഗിക്കുന്നത്. 1.03 കോടി രൂപയാണ് യൂണിറ്റിനായി ചെലവഴിച്ചിട്ടുള്ളത്.
ഫങ്ഷണൽ ന്യൂറോളജിക്കൽ ഡിസോഡർ, സ്ട്രോക്ക്, സ്പൈനൽ കോഡ് ആൻഡ് ട്രോമാറ്റിക് ബ്രെയ്ൻ ഇൻജ്വറീസ്, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, പാർകിൻസൺസ് എന്നീ രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസമാണ് പ്രസ്തുത യൂണിറ്റ്. ഇത്തരം രോഗങ്ങൾ മൂലം കിടപ്പിലാകുകയോ ജീവിതം വഴിമുട്ടി നിൽക്കുന്നതോ ആയ സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിലൊന്നും ഇതുവരെ ആശ്രയിക്കാനാകുമായിരുന്നില്ല. പ്രസ്തുത സംവിധാനം വൻകിട സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നതുകൊണ്ട് വൻ ചികിത്സാ ചെലവുമായിരുന്നു.

ശാരീരിക ചലനങ്ങളെ തലച്ചോറു കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നതിനും പ്രശ്നങ്ങളുള്ളവരെ കണ്ടെത്തി കംപ്യൂട്ടർ നിയന്ത്രിത നൂതന യന്ത്രങ്ങളുടെ സഹായത്തോടെ തെറാപ്പിയിലൂടെ പരിഹരിക്കാൻ കഴിയുമെന്നതുമാണ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റിന്റെ പ്രത്യേകത. മണിക്കൂറിന് ആയിരങ്ങൾ ചെലവ് വരുന്ന ചികിത്സയാണ് നിപ്മറിൽ ചുരുങ്ങിയ ചെലവിൽ സാധ്യമാക്കുന്നതെന്ന് നിപ്മർ എക്സിക്യൂട്ടീവ് ഡയരക്റ്റർ സി. ചന്ദ്രബാബു പറഞ്ഞു.
നൂതന ഓവർഹെഡ് ട്രാക്ക് സിസ്റ്റമായ മാക്സി സ്‌കൈ, 8ചാനൽ ഫെസ് മെഗാ എക്സ്-പി, ഡൈനാമിക്ഫെസ് ഫോർ ലോവർ ലിംബ്- ഫിംറ്റ്-2001ഡി, ഓഷ്യാനിക് റീഹാബ് 303, സ്റ്റാൻഡിങ് റൈസിങ് എയ്ഡ് സംവിധാനമായ വെർട്ടിയോ, സിറ്റ്-സ്റ്റാന്റ് സ്‌ക്വാറ്റ് അസിസ്റ്റ് ട്രെയ്നർ, കൈനറ്റെക് എന്നിവയാണ് നൂതന ന്യൂറോ ഫിസിയോ തെറാപ്പിക്കായി ഉപയോഗിക്കുന്ന മറ്റു സംവിധാനങ്ങൾ

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *