ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

മാറ്റമില്ലാതെ സ്വർണ്ണവില: ഇന്ന് പവന് 35,440 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 35,440 രൂപയാണ് വില. ഒരു ഗ്രാമിന് 4,430 രൂപയാണ്. ഇന്നലെ സ്വർണ്ണ വില പവന് 35,440 രൂപയിൽ എത്തിയിരുന്നു. ഇന്നലെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ സ്വർണ്ണ വില കുറഞ്ഞിരുന്നു. 100 ഗ്രാമിന് 1600 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റിന്റെ 10 ഗ്രാം സ്വർണ്ണത്തിന് 46,500 രൂപയിലാണ് മുംബൈയിൽ വ്യാപാരം നടന്നത്.

കോവിഡിനെ അതിജീവിച്ച് മുന്നേറ്റം: 20 .1 ശതമാനം വളർച്ചയുമായി ഇന്ത്യ

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. മുൻ വർഷത്തെ ഇതേ കാലയളവിൽ നിന്നും 20.1 ശതമാനമാണ് വളർച്ച. വ്യാവസായി ഉൽപ്പാദനം, നിർമ്മാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ് ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്. നാഷണൽ സ്റ്റാസ്റ്റിക്കൽ ഓഫീസ് പുറത്തു വിട്ട കണക്കു പ്രകാരം 2021-22 സാമ്പത്തിക വർഷം ജൂണിൽ അവസാനിച്ച പാദത്തില് 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിലെ ഇതേ പാദത്തിൽ 24.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

പാചക വാതക വില വർധിച്ചു

തുടർച്ചയായ മൂന്നാം മാസവും പാചക വാതക വിലയിൽ വർധനവ്. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25.50 രൂപയാണ് വർധിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകൾക്കും വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 73.50 രൂപയാണ് വർധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഗാർഹിക സിലിണ്ടറിന്റെ വില 892 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 1692.50 രൂപയുമാണ്.

പഞ്ചാബ് നാഷണൽ ബാങ്ക് സേവിംഗ്‌സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു

പഞ്ചാബ് നാഷണൽ ബാങ്ക് എല്ലാ വിധ സേവിംഗ്‌സ് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറച്ചു. പൊതു മേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് നേരത്തേയുണ്ടായിരുന്ന വാർഷിക പലിശനിരക്ക് മൂന്ന് ശതമാനത്തിൽ നിന്നും 2.90 ശതമാനമായാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. പുതുക്കിയ നിരക്ക് നിലവിലുളളതും പുതിയതുമാ സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് ബാധകമാകുമെന്ന് ബാങ്ക് വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *