വീണ്ടും ഇരുട്ടടി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 25 രൂപ കൂടി

വീണ്ടും ഇരുട്ടടി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 25 രൂപ കൂടി

ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില വർധന. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയിരിക്കുന്നത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറഞ്ഞു. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്. പുതുക്കിയ വില കൊച്ചിയിൽ 1618 രൂപയാണ് സിലിണ്ടറൊന്നിന്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഓണമടുക്കുമ്പോഴാണ് മലയാളികൾക്ക് കേന്ദ്രസർക്കാരിൻറെ ഇരുട്ടടി.

ജൂൺ 2020 മുതൽ കേന്ദ്രസർക്കാർ എൽപിജി സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കിയിരുന്നു. ഫലത്തിൽ സബ്‌സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ് രാജ്യത്ത്.പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കി വന്ന സബ്ഡികളാണ് രാജ്യത്ത് പൂർണമായി ഇല്ലാതാകുന്നത്. യുപിഎ സർക്കാരിൻറെ കാലത്ത് ആദ്യം പെട്രോളിൻറെയും പിന്നീട് മോദി സർക്കാർ വന്നശേഷം ഡീസലിൻറെയും സബ്‌സിഡി നിർത്തലാക്കി.

കഴിഞ്ഞ വർഷം മുതൽ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക സബ്‌സിഡിയും നിർത്തി. 2013-14 വർഷത്തിൽ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്‌സിഡി നൽകാനായി ബജറ്റിൽ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വർഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14000 കോടി രൂപ മാത്രം. പാചക വാതക സബ്‌സിഡി കൂടി നിർത്തിയതോടെ പെട്രോളിയം സബ്‌സിഡി ഏതാണ്ട് പൂർണമായി ഇല്ലാതായി. സബ്‌സിഡി നിരക്കിൽ ബിപിഎൽ കുടുംബങ്ങൾക്ക് നൽകുന്ന ചെറിയ ശതമാനം മണ്ണെണ്ണ മാത്രമേ ഇനിയുള്ളു. സമീപഭാവിയിൽ അതും ഇല്ലാതാകുമെന്നാണ് സൂചന.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *