അധിക നിക്ഷേപം വേണ്ട:കോവിഡ് കാലത്ത് സുരക്ഷിതമായി തുടങ്ങാം ഈ സംരംഭം

അധിക നിക്ഷേപം വേണ്ട:കോവിഡ് കാലത്ത് സുരക്ഷിതമായി തുടങ്ങാം ഈ സംരംഭം

കോവിഡ് പ്രതിസന്ധിയിലും അതിജീവനം കണ്ടെത്താൻ നിരവധി സംരംഭങ്ങൾ നമുക്ക് ആരംഭിക്കാം. ഇത്തരത്തിൽ കോവിഡ് കാലത്ത് വലിയ മുതൽമുടക്കില്ലാതെ ചെയ്യാൻ കഴിയുന്ന സംരംഭമാണ് ഇറച്ചിയുടെയും മത്സ്യത്തിന്റെയും വിപണനം. കൂടുതൽ ആളുകളും വീടുകളിലിരിക്കുന്ന സമയം ആയതു കൊണ്ട് ഭക്ഷണ വിഭവങ്ങൾക്ക് ഏറെ ഡിമാന്റ് കൂടുന്ന അവസ്ഥയാണ്. അതു കൊണ്ട് ഓൺലൈനായുളള മത്സ്യമാംസ വിപണനത്തിന് സാധ്യതകൾ ഏറെയാണ്. ഇറച്ചി ലഭ്യമാകുന്ന ഷോപ്പുകളും, കടൽ മത്സ്യങ്ങൾ ലഭ്യമാകുന്ന കേന്ദ്രങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടാക്കി എടുക്കുകയാണ് പ്രധാനം. കോഴി, ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയ സാധാരണ മാംസങ്ങൾക്ക് പുറമെ മുയൽ, കാടക്കോഴി തുടങ്ങി വിവിധ മാംസങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കാം.

ഗുണനിലവാരമുളള മത്സ്യലഭ്യത ഉറപ്പ് വരുത്തണം. ഇതിനായി സ്ഥിരം സംവിധാനം ഉണ്ടാക്കുകയാണ് പ്രധാനം. മത്സ്യം ശേഖരിച്ച് ക്ലീൻ ചെയ്ത്, കട്ട് ചെയ്ത് പാചകത്തിന് തയ്യാറാക്കി വിതരണം ചെയ്യാം. മത്സ്യവും, മാംസവും അരപ്പ് പുരട്ടി വറുക്കാൻ തയ്യാർ എന്ന നിലയിലും വിൽക്കാൻ കഴിയും. അങ്ങനെ ചെയ്യുന്നത് കച്ചവട സാധ്യത കൂട്ടും. വില കൂടുതൽ ലഭിക്കാനും സാധ്യതയുണ്ട്.

ഓൺലൈനായുളള വിപണനമാണ് ഏറ്റവും സുഗമം. ഇത് ആളുകളിലേക്ക് എത്തിക്കാൻ വിതരണക്കാരെ കണ്ടെത്തുകയാണ് പ്രധാനം. കൃത്യമായ സമയത്ത് ഓർഡറുകൾ എത്തിക്കാൻ കഴിയണം. സോഷ്യൽ മീഡിയ പൂർണ്ണമായും ഉപയോഗപ്പെടുത്താം. വാട്‌സാപ്പ്, ഫേസ്ബുക്ക്,മെസഞ്ചർ,ട്വിറ്റർ എല്ലാം ഉപയോഗപ്പെടുത്താം. ഒരു മിനിമം തുകയ്ക്കുളള ഓർഡർ വേണമെന്ന് നിഷ്‌കർഷിക്കാം. ഹോം ഡെലിവറി ചെയ്തു നൽകാനുളള സംവിധാനം ഏർപ്പെടുത്തുക. ഇത് ക്വാറന്റീനിൽ കഴിയുന്നവരിലേക്കും എത്താൻ സഹായിക്കും.

ഈ സംരംഭത്തിന് അധികം നിക്ഷേപം ആവശ്യമില്ല. സ്മാർട്ട് ഫോൺ കൈയിൽ വേണമെന്ന് മാത്രം. ബൈക്ക് സ്വന്തമായി ഉണ്ടെങ്കിൽ വിതരണം സുഗമമാക്കാം. പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ, മത്സ്യം, മാംസം എന്നിവ ശേഖരിക്കാൻ വരുന്ന തുകയും വേണം. ഒരു ബിസിനസുകാരന് 50,000 നിക്ഷേപിക്കാൻ കഴിഞ്ഞാൽ ഇത്തരം മേഖലയിലൂടെ ഒരുപാട് നേട്ടം ഉണ്ടാക്കാം. 5000 രൂപയുടെ പ്രതിദിന കച്ചവടം നടന്നാൽ 2000 രൂപ വരെ ലാഭിക്കാം. വിൽപ്പന വർധിക്കുന്നതനുസരിച്ച് കൂടുതൽ ആളുകളെ വച്ച് സംരംഭം വിപുലപ്പെടുത്താം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *