ഒറ്റത്തവണ ഉപയോഗിക്കാവുന്ന 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ചു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ചു

ദില്ലി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെല്ലാം രാജ്യത്ത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. 75 മൈക്രോണില്‍ത്താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് നിരോധിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ 1 മുതല്‍ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് പ്‌ളേറ്റ്, കപ്പ്, ഗ്‌ളാസ്, ട്രേ, മിഠായി കവര്‍ എന്നിവക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം അടുത്ത വര്‍ഷം ജൂലൈ 1 മുതല്‍ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.


നേരത്തേ 50 മൈക്രോണില്‍ത്താഴെയുള്ള ഉത്പന്നങ്ങളെല്ലാം കേന്ദ്രം നിരോധിച്ചിരുന്നു. എന്നാലിനി 50 മൈക്രോണുള്ള പോളിത്തീന്‍ ബാഗുകള്‍ രാജ്യത്ത് ഉപയോഗിക്കാനാകില്ല. 120 മൈക്രോണ്‍ മുതല്‍ മുകളിലേക്ക് മാത്രമേ പോളിത്തീന്‍ ബാഗുകള്‍ നിര്‍മിക്കാനോ ഉപയോഗിക്കാനോ പാടുള്ളൂ.

സെപ്റ്റംബര്‍ 30 മുതലാകും ഈ നിരോധനം നിലവില്‍ വരിക. രണ്ട് ഘട്ടമായിട്ടാകും ഈ നിരോധനം നടപ്പാക്കുക. ഇതിന്റെ ആദ്യഘട്ടമാണ് സെപ്റ്റംബര്‍ 30-ന് തുടങ്ങുന്നത്.
അതായത്, സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ത്താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാന്‍ പാടില്ല. അടുത്ത വര്‍ഷം ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ത്താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും പൂര്‍ണമായും നിരോധിക്കും.
കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റികിന്റെ നിര്‍മാണം, കയറ്റുമതി, സംഭരണം, വിതരണം, വില്‍പ്പന എന്നിങ്ങനെ എല്ലാ നടപടികളും നിരോധിച്ചിട്ടുണ്ട്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ ആ ഉത്പന്നം തന്നെ ജൂലൈ 1, 2022 മുതല്‍ നിരോധിക്കും.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ ബഡ്‌സ്, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, കോലുമിഠായി പോലുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, ഐസ്‌ക്രീം പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പോളിസ്റ്റെറീന്‍ (തെര്‍മോകോള്‍) ഡെക്കറേഷന്‍, പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസ്സുകള്‍, ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേ, മധുരപലഹാരങ്ങളില്‍ പൊതിയുന്ന കവറുകള്‍, ക്ഷണക്കത്തുകളിലെ പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിലെ പ്ലാസ്റ്റിക്, കാപ്പൂച്ചിനോയിലടക്കം കിട്ടുന്ന സ്റ്റിറിംഗ് സ്റ്റിക്കുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് – പിവിസി ബാനറുകള്‍ എന്നിവയെല്ലാം നിരോധിക്കപ്പെടും.

ചെറുകിട വ്യവസായികളെയോ ഉത്പാദകരെയോ ബാധിക്കാത്ത തരത്തിലാണ് ചട്ടങ്ങളെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ ഈ വിജ്ഞാപനത്തിന്റെ കരട് മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ നിര്‍ദേശങ്ങളെല്ലാം പരിശോധിച്ച് അവയെല്ലാം ഉള്‍പ്പെടുത്തിയ ശേഷമാണ്, അന്തിമവിജ്ഞാപനം പുറത്തിറക്കിയത്.
ആദ്യമായാണ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തരംതിരിച്ച് വ്യക്തമാക്കി ഒരു വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന തരത്തിലുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കപ്പെടാന്‍ പോവുകയാണ്, കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവിലൂടെ.
രാജ്യത്ത് ഒരു ദിവസം ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 40 ശതമാനമെങ്കിലും ശേഖരിക്കപ്പെടാതെ പോകുന്നുവെന്നാണ് കണക്ക്.

പ്ലാസ്റ്റികിന്റെ ഗുണനിലവാരം മൈക്രോണ്‍ കണക്കാക്കി കൂട്ടുന്നതിലൂടെ പുനരുപയോഗിക്കാവുന്ന റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റികിന്റെ ഉത്പാദനം കൂടുമെന്നാണ് കണക്ക് കൂട്ടല്‍. രാജ്യത്തിന്റെ പരിസ്ഥിതിയെത്തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വിപത്തിനാണ് തടയിടാന്‍ സര്‍ക്കാര്‍ സംവിധാനം ശ്രമിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *