കുതിച്ചുചാടാനൊരുങ്ങി കുരുമുളക്

കുതിച്ചുചാടാനൊരുങ്ങി കുരുമുളക്

ആഗോള കുരുമുളകു വിപണി ബുള്‍ റാലിക്ക് ഒരുങ്ങുന്നു, മലബാര്‍ മുളകിനെ മറികടന്ന് മലേഷ്യ പുതിയ ക്വട്ടേഷന്‍ ഇറക്കി, ടണ്ണിന് 5,688 ഡോളര്‍. സാന്പത്തിക ഞെരുക്കം കാരണം ഓണവിപണിയില്‍ വെളിച്ചെണ്ണ മുന്നേറാന്‍ ക്ലേശിക്കുന്നു. ബാങ്കോക്കിലെ വിലക്കയറ്റം ഇന്ത്യന്‍ റബര്‍ നേട്ടമാക്കുന്നു. ലഭ്യത കുറഞ്ഞിട്ടും ഏലത്തിനു കരുത്തു നേടാനായില്ല. ആഗോള സ്വര്‍ണ വില ഇടിഞ്ഞു, 1680 ഡോളര്‍ നിര്‍ണായക സപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ കുരുമുളക് ഈ വര്‍ഷം വന്‍ കുതിച്ചുചാട്ടത്തിനു തുടക്കംകുറിക്കാനുള്ള തയാറെടുപ്പിലാണ്.

ആറുവര്‍ഷംനീണ്ട തുടര്‍ച്ചയായ വിലത്തകര്‍ച്ചയുടെ ദിനങ്ങള്‍ക്കു ശേഷം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അണിയറ ഒരുക്കത്തിലാണ് ഉത്പന്നം. ഇന്ത്യ, വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങളില്‍ ഉത്പാദനത്തിലുണ്ടാകുന്ന കുറവ് ആഗോള വിപണിയുടെ അടിയൊഴുക്ക് മാറ്റിമറിക്കും. 2015ല്‍ വൈറ്റ് പെപ്പര്‍ വില ടണ്ണിന് 14,621 ഡോളര്‍ വരെയും കുരുമുളകു വില 9,976 ഡോളര്‍ വരെയും ഉയര്‍ന്നിരുന്നു. ആ നിലവാരത്തില്‍നിന്നുള്ള ശക്തമായ സാങ്കേതിക തിരുത്തല്‍ മുളകുവിലയില്‍ വന്‍ തകര്‍ച്ച സൃഷ്ടിച്ചിരുന്നു. വിയറ്റ്‌നാമില്‍ 2,548 ഡോളര്‍ വരെയും ബ്രസീലില്‍ 2,400 ഡോളര്‍ വരെയും ഇന്തോനേഷ്യയില്‍ 2,370 ഡോളര്‍ വരെയും നേരത്തെ നിരക്ക് ഇടിഞ്ഞിരുന്നു.


രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളകു വില ടണ്ണിന് 5,575 ഡോളറാണ്. മലേഷ്യ 5,688 ഡോളറിനും ഇന്തോനേഷ്യ 3,860 ഡോളറിനും വിയറ്റ്‌നാമും ബ്രസീലും 3,950 ഡോളറിനും ക്വട്ടേഷന്‍ ഇറക്കി. കാര്‍ഷിക മേഖലകളില്‍നിന്നുള്ള മുളകുനീക്കം കുറഞ്ഞു. അതേസമയം, ഉത്തരേന്ത്യയില്‍ ഇറക്കുമതി ചരക്ക് ലഭ്യമായതിനാല്‍ വാങ്ങലുകാര്‍ രംഗത്ത് സജീവമല്ല. എന്നാല്‍, ഇറക്കുമതി ചരക്കിന് കൊച്ചിയിലും ആവശ്യക്കാരുണ്ടായിരുന്നു. വില്‍പ്പനയ്‌ക്കെത്തിയ ചരക്കില്‍ ഭുരിഭാഗവും വിറ്റഴിഞ്ഞതായാണു വിവരം. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് 39,300 രൂപയും ഗാര്‍ബിള്‍ഡ് കുരുമുളകിന് 41,300 രൂപയുമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *