കോവിഡിലും തിളക്കം; ടെക്‌നോപാര്‍ക്കിന് ഉയര്‍ന്ന റേറ്റിംഗ്

കോവിഡിലും തിളക്കം; ടെക്‌നോപാര്‍ക്കിന് ഉയര്‍ന്ന റേറ്റിംഗ്

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒന്നായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് മികച്ച ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചു. ക്രിസില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിംഗില്‍ ടെക്‌നോപാര്‍ക്കിന് ‘എ പ്ലസ്/സ്റ്റേബിള്‍’ ലഭിച്ചു. ആദ്യമായാണ് ടെക്‌നോപാര്‍ക്കിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗ് ലഭിക്കുന്നത്. ദീര്‍ഘകാല സാന്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്‌നോപാര്‍ക്കിന് ഉയര്‍ന്ന സുരക്ഷിതത്വമുള്ള റേറ്റിംഗ് നേടിക്കൊടുത്തത്. രണ്ടു വര്‍ഷമായി ‘എ/സ്റ്റേബിള്‍’ ആയിരുന്ന റേറ്റിംഗ് ആണ് മികച്ച പ്രകടനത്തിലൂടെ ടെക്‌നോപാര്‍ക്ക് മെച്ചപ്പെടുത്തിയത്.

കോവിഡ് പ്രതിസന്ധിഘട്ടത്തിലും ടെക്‌നോപാര്‍ക്ക് കാഴ്ചവച്ച വായ്പാ തിരിച്ചടവിലെ കൃത്യത, അച്ചടക്കം എന്നിവയ്ക്കുള്ള അംഗീകാരമാണിത്. ഫെയ്‌സ് ഒന്നിലെയും ഫെയ്‌സ് മൂന്നിലെയും ഐടി ഇടങ്ങള്‍ പൂര്‍ണമായും വാടകയ്ക്ക് നല്‍കിയതും മുടക്കമില്ലാത്ത പണലഭ്യതയും വൈവിധ്യമാര്‍ന്ന ഇടപാടുകാരും ദീര്‍ഘ കാല പാട്ടക്കരാറുകളുമാണ് ടെക്‌നോപാര്‍ക്കിന്റെ കരുത്ത്. ടെക്‌നോപാര്‍ക്ക് ഒന്ന്, മൂന്നു ഫേസുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്.

ഇന്‍ഫോസിസ്,യുഎസ്ടി ഗ്ലോബല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഏണസ്റ്റ് & യംഗ്, അലയന്‍സ്, ഐബിഎസ് സോഫ്റ്റ്വേര്‍, ഒറക്കിള്‍, നിസാന്‍, ഗൈഡ് ഹൗസ്, സണ്‍ ടെക് , ടാറ്റ എല്‍ക്‌സി, ഇന്‍വെസ്റ്റ് നെറ്റ്, ക്വസ്റ്റ് ഗ്ലോബല്‍, തുടങ്ങിയ പ്രശസ്ത കന്പനികളും നിലവില്‍ ടെക്‌നോപാര്‍ക്കിലെ കന്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ടെക്‌നോപാര്‍ക്കിന്റെ വര്‍ധിച്ചുവരുന്ന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യത്തില്‍ കോ-ഡെവലപ്പര്‍മാരായ എംബസിടോറസ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്ക്, സീവ്യൂ, ആംസ്റ്റര്‍ ഹൗസ്, എംസ്‌ക്വയര്‍ എന്നിവയുടെ ശക്തമായ പിന്തുണയുമുണ്ട്.

കോവിഡ് മഹാമാരിക്കാലത്തും നാല്‍പതോളം പുതിയ കമ്പനികൾ ടെക്‌നോപാര്‍ക്കിലെത്തിയത് ഇവിടത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ ജോണ്‍ എം. തോമസ് പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *