ക്രെറ്റയെ വെല്ലാൻ അൽകാസർ: ഒരു മാസത്തിനുളളിൽ 11,000 ബുക്കിംഗുകൾ

ക്രെറ്റയെ വെല്ലാൻ അൽകാസർ: ഒരു മാസത്തിനുളളിൽ 11,000 ബുക്കിംഗുകൾ

ക്രെറ്റയെ അടിസ്ഥാനമാക്കി ഹ്യുണ്ടായി നിർമ്മിച്ച 7 സീറ്റർ പതിപ്പായ അൽകാസറിനെ അടുത്തിടെയാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 16.30 ലക്ഷം രൂപ മുതലാണ് രാജ്യമെങ്ങും വാഹനത്തിൻറെ എക്സ് ഷോറൂം വില. ഇപ്പോഴിതാ വിപണിയിലെത്തി ഒരു മാസത്തിനുള്ളിൽ 11,000 യൂണിറ്റുകളുടെ ബുക്കിംഗ് നേടിയിരിക്കുകയാണ് വാഹനം എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിനോടകം അൽക്കാസറിൻറെ 5,600 യൂണിറ്റുകൾ ഉടമകൾക്ക് കൈമാറിക്കഴിഞ്ഞതായി സെയിൽസ്, മാർക്കറ്റിങ്, സർവീസ് വിഭാഗം ഡയറക്ടർ തരുൺ ഗാർഗ് അറിയിച്ചു.

പ്രെസ്റ്റീജ്, പ്ലാറ്റിനം, സിഗ്‌നേച്ചർ എന്നീ മൂന്ന് വേരിയന്റുകളിലും 6 സീറ്റ്, 7 സീറ്റ് വകഭേദങ്ങളിലും എട്ട് കളർ ഓപ്ഷനുകളിലും എസ്യുവി ലഭിക്കും. കിയ സെൽറ്റോസിനും ഹ്യുണ്ടായി വെർണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഈ ഏഴ് സീറ്റർ ക്രെറ്റ ഒരുങ്ങുന്നത്. ക്രെറ്റയിൽ നിന്ന് വ്യത്യസ്തമായി അൽകസറിന്റെ ബാഹ്യഭാഗത്ത് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കുന്നു. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ സഹിതം സ്പ്ലിറ്റ് ഹെഡ്ലാംപ് ഡിസൈൻ, എൽഇഡി പ്രൊജക്റ്റർ ഹെഡ്ലൈറ്റുകൾ, ക്രോം സ്റ്റഡഡ് ഗ്രിൽ, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ, പുതിയ എൽഇഡി ടെയ്ൽലൈറ്റുകൾ, ‘അൽക്കസർ’ എഴുത്ത് സഹിതം ബൂട്ട്ലിഡിന് കുറുകെ ക്രോം സ്ട്രിപ്പ്, സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, കറുത്ത പില്ലറുകൾ, റൂഫ് റെയിലുകൾ, ബോഡിയുടെ അതേ നിറത്തിൽ പുറത്തെ റിയർ വ്യൂ കണ്ണാടികൾ എന്നിവയാണ് എസ്യുവിയുടെ ബാഹ്യമായ വിശേഷങ്ങൾ.

കാബിനിൽ കറുപ്പ്, ബ്രൗൺ നിറങ്ങളിലായി ഡുവൽ ടോൺ ഇന്റീരിയർ തീം നൽകി. പൂർണ ഡിജിറ്റലായ ഇൻസ്ട്രുമെന്റ് കൺസോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം വലിയ ടച്ച്സ്‌ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ‘ബ്ലൂലിങ്ക്’ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, 4 സ്പോക്ക് സ്റ്റിയറിംഗ് വളയം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കപ്പ് ഹോൾഡറുകൾ സഹിതം ഫുൾ സൈസ് ആം റെസ്റ്റ് (6 സീറ്റ് വേരിയന്റിൽ മാത്രം), ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, മുന്നിൽ വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ മോഡുകൾ, എട്ട് വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് ഹ്യുണ്ടായ് അൽക്കസർ എസ്യുവിയുടെ അകത്തെ സവിശേഷതകൾ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *