എസ്.ബി.ഐയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്

എസ്.ബി.ഐയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകം. ഒരു മാസത്തിനിടയില്‍ ബാങ്ക് ഉപഭോക്താക്കളില്‍നിന്ന് സംസ്ഥാനത്താകമാനം കോടികള്‍ നഷ്ടമായി.എസ്.ബി.ഐയുടെ വ്യാജ സൈറ്റ് നിര്‍മിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിങ് ആപ്ലിക്കേഷനായ ‘യോനൊ’യുടെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇതോടെ ബാങ്കിന്റെ പേരില്‍ ലഭിക്കുന്ന എസ്.എം.എസ് സന്ദേശങ്ങളില്‍ അടങ്ങിയ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
‘യോനോ’ ബാങ്ക് ആപ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നത്.

സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐയുേടതെന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കും. യൂസര്‍ നയിം, പാസ്വേഡ്, ഒ.ടി.പി എന്നിവ രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. യാഥാര്‍ഥ വെബ്‌സൈറ്റെന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങള്‍ നല്‍കുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുകയാണ്. ‘യോനോ’ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് വര്‍ധിപ്പിക്കുന്നതിന്റെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ബാങ്ക് ജീവനക്കാര്‍ എന്ന വ്യാജേന തട്ടിപ്പ് സംഘം ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടുകയും അക്കൗണ്ട് നമ്പരടക്കം സൂചിപ്പിച്ച് കാര്‍ഡിന്റെ ഇടപാട് പരിധി വര്‍ധിപ്പിച്ചാലുള്ള ഗുണങ്ങള്‍ വിവരിക്കുകയും ചെയ്യും.

തുടര്‍ന്ന് താല്‍പര്യമുള്ളവരുടെ മൊബൈലിലേക്ക് ഒ.ടി.പി നമ്പര്‍ അയക്കും.
ഈ നമ്പര്‍ പങ്കുവെക്കുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാവുകയാണ്. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായും എസ്.ബി.ഐ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നതിന്റെ പേരിലും ലക്ഷങ്ങള്‍ നഷ്ടമായവരുണ്ട്.
വ്യാജ ഗൂഗ്ള്‍ ഫോം ഉപഭോക്താക്കളുടെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചുനല്‍കിയാണ് തട്ടിപ്പ്.ഒരുമാസത്തിനിടയില്‍ എസ്.ബി.ഐ കേന്ദ്രീകരിച്ച് നൂറോളം തട്ടിപ്പുകള്‍ സംസ്ഥാനത്ത് നടന്നതായി സൈബര്‍ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
കാര്‍ഡുടമകളുടെ അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ആധാര്‍ നമ്പര്‍ അടക്കം വിവരങ്ങള്‍ ബാങ്കില്‍നിന്ന് തട്ടിപ്പുകാര്‍ക്ക് ലഭിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പരിശോധന തുടരുകയാണ്.

എസ്.ബി.ഐയുടെ നെറ്റ് ബാങ്കിങ്ങ് സംബന്ധിച്ചും നിരവധി പരാതികള്‍ തിരുവനന്തപുരം, തൃശൂര്‍ സൈബര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മറ്റ് നിര്‍ദേശങ്ങള്‍
•എസ്.എം.എസുകളിലുള്ള വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.
•ബാങ്കിങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. എസ്.ബി.ഐ അല്ലെങ്കില്‍ ഇതര ബാങ്കുകളുടെ കൃത്യമായ വെബ്വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാട് നടത്തുക.
•സംശയം തോന്നുന്നപക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *