ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്നില്‍ ഇവര്‍ ; ചൈനക്കാരെ പിന്നിലാക്കിയ ഇന്ത്യന്‍ കോടീശ്വരന്മാര്‍

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്നില്‍ ഇവര്‍ ; ചൈനക്കാരെ പിന്നിലാക്കിയ ഇന്ത്യന്‍ കോടീശ്വരന്മാര്‍

സമ്പത്തിന്റെ കാര്യത്തില്‍ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍മാര്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി എന്നിവര്‍ ആഗോള ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മുന്നിലെത്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ 12-ാം സ്ഥാനത്ത് അംബാനിയും 14-ാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നര്‍
അംബാനിക്ക് മുകളില്‍ ഒരൊറ്റ ചൈനീസ് ശതകോടീശ്വരന്‍ പോലും ഇടംനേടിയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായെ ഉള്‍പ്പടെ കടത്തിയാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബെര്‍ഗിന്റെ ഡാറ്റ അനുസരിച്ച് അംബാനിയുടെയും അദാനിയുടെയും ആസ്തിയില്‍ വന്‍ കുതിപ്പാണുണ്ടായത്. അംബാനിയുടെ ആസ്തിയില്‍ 84 ബില്യണ്‍ ഡോളറും അദാനിയുടെ സമ്പത്തില്‍ 78 ബില്യണ്‍ ഡോളറുമാണ് വര്‍ധിച്ചത്. നിലവില്‍ അംബാനിയും അദാനിയും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരാണ്.

വിപ്രോയുടെ അസിം പ്രേംജിയും എച്ച്‌സിഎല്‍ സ്ഥാപകനും ചെയര്‍മാനുമായ ശിവ് നടറും പട്ടികയിലുണ്ട്. യഥാക്രമം 43 ഉം 70 ഉം സ്ഥാനങ്ങളിലാണ് ഇരുവരുമുള്ളത്.
പട്ടികയില്‍ ഇടംനേടി ചൈനീസ് ശതകോടീശ്വരന്‍മാര്‍ ചൈനയുടെ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന ഷോങ് ഷന്‍ഷാനാണ് അംബാനിക്ക് താഴെ വരുന്ന ചൈനീസ് കോടീശ്വരന്‍. നോങ്ഫു സ്പ്രിങ് ബിവറേജ് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ഷോങ് ഷന്‍ഷാന്‍ ബീജിങ് വാണ്ടായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസിന്റെ ഉടമകൂടിയാണ്.

അദാനിക്ക് ശേഷം ഏഷ്യയിലെ മൂന്നാമത്തെ സമ്പന്നനാണ് അദ്ദേഹം. ടെന്‍സെന്റ് സ്ഥാപകനും സിഇഒയുമായ മാ ഹുവാറ്റെങ്, ജാക്ക് മാ, ഇ-കൊമേഴ്സ് കമ്പനിയായ പിന്‍ഡുഡുവോയുടെ സിഇഒ കോളിന്‍ ഹുവാങ് തുടങ്ങിയ ചൈനീസ് കോടീശ്വരമാര്‍ യഥാക്രമം 21, 27, 32 സ്ഥാനങ്ങളിലാണ് ഉള്ളത്.


മുന്നില്‍ ജെഫ് ബെസോസ് തന്നെ
ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ 190 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകനും സി.ഇ.ഒ.യുമായ ജെഫ് ബെസോസാണ് ഒന്നാമതുള്ളത്. ഫ്രഞ്ച് ഫാഷന്‍ വ്യവസായിയും പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റണ്‍ മൊയറ്റ് ഹെന്നിസി (എല്‍.വി.എം.എച്ച്.) ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് പട്ടികയില്‍ രണ്ടാമത്.


സ്പേസ് എക്സ്, ടെസ്ല, ദി ബോറിങ് തുടങ്ങിയ കമ്പനിയുടെ സി.ഇ.ഒ. ആയ എലന്‍ മസ്‌ക് പട്ടികയില്‍ മൂന്നാമതാണ്. ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. ലോകത്തെ ഏറ്റവും സമ്പന്ന വനിതയായ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് പട്ടികയില്‍ പത്താം സ്ഥാനത്താണുള്ളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *