വിപണി കീഴടക്കി തമിഴ്‌നാട് കൊപ്ര; കേരകര്‍ഷകര്‍ക്കു തിരിച്ചടി

വിപണി കീഴടക്കി തമിഴ്‌നാട് കൊപ്ര; കേരകര്‍ഷകര്‍ക്കു തിരിച്ചടി

ഗുണമേന്മ കുറഞ്ഞ തമിഴ്‌നാട് കൊപ്ര വിപണി കീഴടക്കുന്നതുമൂലം സംസ്ഥാനത്ത് നാളികേരത്തിന്റെ വിലയിടിയുന്നു. ലോക്ഡൗണിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടുകയും കേറ്ററിംഗ് സ്ഥാപനങ്ങളടക്കമുള്ളവയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തതോടെ നാളികേരത്തിന് ഡിമാന്‍ഡ് കുറഞ്ഞത് കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടില്‍നിന്നും ലോഡ് കണക്കിനു കൊപ്രയും തേങ്ങയും ദിനംപ്രതി കേരള വിപണിയിലേക്ക് എത്തുന്നത്.

നിലവില്‍ പച്ചത്തേങ്ങ കിലോയ്ക്ക് 38-40 തോതിലാണ് കര്‍ഷകരില്‍നിന്നും വ്യാപാരികള്‍ വാങ്ങുന്നത്. ലോക്ഡൗണിനു മുന്പ് കിലോയ്ക്ക് 45-48 തോതിലായിരുന്നു വില. കിലോയ്ക്ക് ഏഴുമുതല്‍ പത്തുരൂപയുടെ വരെ കുറവാണ് ഒരുമാസത്തിനിടെ ഉണ്ടായിരിക്കുന്നത്.

വിലകുറച്ചു വില്‍ക്കാമെന്നു വിചാരിച്ചാലും ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വ്യാപാരികള്‍ വാങ്ങാന്‍ തയാറാകാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പാംഓയില്‍, സൂര്യകാന്തി ഓയില്‍, തവിടെണ്ണ എന്നിവയ്‌ക്കെല്ലാം സമീപനാളില്‍ വന്‍തോതില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതനുസരിച്ച് വെളിച്ചെണ്ണവില ഉയരുന്നതിനു പകരം കുറയുന്ന പ്രവണതയാണ്.പാം ഓയില്‍ ലിറ്ററിന്-150, സൂര്യകാന്തി ഓയില്‍-170, തവിടെണ്ണ-145, വെളിച്ചെണ്ണ- 210 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ വിപണി വില.

കൊപ്ര വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ചെറുകിട മില്ലുടമകള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ ദോഷം ചെയ്യുകയാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ സമീപനാളില്‍ തെങ്ങുകൃഷി വ്യാപകമായി വരികയാണ്.

കേരള വിപണിയിലേക്ക് തമിഴ്‌നാട്ടില്‍നിന്നും കുറഞ്ഞ ചെലവില്‍ തേങ്ങയും കൊപ്രയും എത്തിക്കാനാകുന്നതാണ് ഇവിടുത്തെ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നത്. അതേസമയം പൂപ്പല്‍ബാധ ഒഴിവാക്കാന്‍ സള്‍ഫര്‍ ചേര്‍ത്താണ് തമിഴ്‌നാട്ടില്‍ കൊപ്ര കൂടുതലായും ഉണങ്ങിയെടുക്കുന്നത്. ഗുണനിലവാരം കുറഞ്ഞ ഇത്തരം കൊപ്ര കൊണ്ടുവന്നാണ് വെളിച്ചെണ്ണ തയാറാക്കി വില്പന നടത്തുന്നത്.
ഇത്തരം നടപടികളെല്ലാം സംസ്ഥാനത്തെ കേര കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *