പരമ്പരാഗത ഇന്ധനങ്ങളോട് വിടപറയാനൊരുങ്ങി ഫിയറ്റും; 2030ല്‍ ആള്‍ ഇലക്ട്രിക് മോഡലുകള്‍ മാത്രം

പരമ്പരാഗത ഇന്ധനങ്ങളോട് വിടപറയാനൊരുങ്ങി ഫിയറ്റും; 2030ല്‍ ആള്‍ ഇലക്ട്രിക് മോഡലുകള്‍ മാത്രം

വോള്‍വോ, ജാഗ്വാര്‍ തുടങ്ങി ആഗോള വമ്പന്മാര്‍ക്ക് പിന്നാലെ ആള്‍ ഇലക്ട്രിക് സ്വപ്‌നങ്ങള്‍ പങ്കുവച്ച് ഫിയറ്റും. 2030 മുതല്‍ വൈദ്യുത വാഹനങ്ങള്‍ മാത്രം നിര്‍മിക്കുകയെന്ന പദ്ധതിയാണ് ഫിയറ്റ് നടപ്പാക്കാനൊരുങ്ങുന്നത്. ഒരുവര്‍ഷം മുമ്പാണ് ഫിയറ്റ് തങ്ങളുടെ ആദ്യ ഇ.വി ആയ 500 ഇ പുറത്തിറക്കുന്നത്. പിന്നീട് അബാര്‍ത് ഇ.വിയും കമ്പനി നിര്‍മിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാനും പൂര്‍ണമായും ഇ.വികളിലേക്ക് മാറാനുമാണ് ഇറ്റാലിയന്‍ വാഹന നിര്‍മാതാവിന്റെ പുതിയ പദ്ധതി.

ഫിയറ്റ് സിഇഒ ഒലിവിയര്‍ ഫ്രാങ്കോയിസും ആര്‍ക്കിടെക്റ്റ് സ്റ്റെഫാനോ ബോറിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. 500 ഇ പുറത്തിറക്കാനുള്ള തീരുമാനം കോവിഡ് കാലത്തിന് മുമ്പാണ് എടുത്തതെന്നും ഇപ്പോള്‍ വൈദ്യുത വാഹനങ്ങള്‍ കൂടുതലായി നിര്‍മിക്കേണ്ട സാഹചര്യമാണെന്നും ഫ്രാങ്കോയിസ് പറയുന്നു. ‘ഞങ്ങള്‍ക്ക് ഒരു ഐക്കണ്‍ ഉണ്ട്. മോഡല്‍ 500 ആണത്. ഒരു ഐക്കണ്‍ രൂപപ്പെടുന്നതിന് എല്ലായ്‌പ്പോഴും അതിേന്റതായ കാരണങ്ങളുണ്ട്. 500 ഉം അതിന് അപവാദമല്ല. 1950 കളില്‍ ഇത് എല്ലാവരുടേയും വാഹനമായിരുന്നു. പുതിയ സാഹചര്യത്തില്‍, എല്ലാവര്‍ക്കും സുസ്ഥിരമായ ചലനാത്മകത സൃഷ്ടിക്കുന്നതിനുള്ള ദൗത്യമാണ് ഞങ്ങള്‍ക്കുള്ളത്. ബാറ്ററികളുടെ വില കുറയുന്നതിനനുസൃതമായി, ആന്തരിക ജ്വലന എഞ്ചിനുള്ളതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കാത്ത ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുകയെന്നത് ഞങ്ങളുടെ കടമയാണ്’-അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായിരുന്നു ഫിയറ്റ് 500. ഇതിനെ പുനരുജ്ജീവിപ്പിച്ചാണ് കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കിയത്. ഇറ്റലിയിലെ ടൂറിനില്‍ നിര്‍മ്മിച്ച 500 ഇക്ക് 42 കിലോവാട്ട്‌സ് ബാറ്ററിയാണ് കരുത്തുപകരുന്നത്. 118 കുതിരശക്തി ഉത്പാദിപ്പിക്കുന്ന വാഹനമാണിത്. എല്ലാവര്‍ക്കും ഇ.വിയെന്ന ഫിയറ്റിന്റെ മുദ്രാവാക്യമാണ് 500 ഇവിയുടെ നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *