ജിഎസ്ടി ഇളവ് പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗ സമിതിയില്‍ കേരള ധനമന്ത്രിയും

ജിഎസ്ടി ഇളവ് പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗ സമിതിയില്‍ കേരള ധനമന്ത്രിയും

കൊവിഡ് അനുബന്ധ ഉപകരണങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. മേഘാലയ മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മയാണ് സമിതിയുടെ അധ്യക്ഷന്‍. വാക്സിന്‍, മരുന്ന്, പരിശോധന കിറ്റ്, വെന്റിലേറ്ററുകള്‍ തുടങ്ങി കൊറോണ ചികില്‍സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സമിതി രൂപീകരണം. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കൊറോണ അനുബന്ധ ഇറക്കുമതിക്ക് ആഗസ്റ്റ് വരെ ഇളവ് നല്‍കാന്‍ ധാരണയായിരുന്നു.

ഇക്കാര്യത്തില്‍ വിശദമായ പഠനംനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ജൂണ്‍ എട്ടിന് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സമിതിയുടെ രൂപീകരണം. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ഭായ് പട്ടേല്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ഗോവ ഗതാഗത മന്ത്രി മോവിന്‍ ഗോഡിന്‍ഹോ, കേരള ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ഒഡീഷ ധനമന്ത്രി നിരഞ്ജന്‍ പൂജാരി, തെലങ്കാന ധനമന്ത്രി ടി ഹരീഷ് റാവു, യുപി ധനമന്ത്രി സുരഷ് ഖന്ന എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍. ജിഎസ്ടി കൗണ്‍സിനാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ബ്ലാക്ക് ഫംഗസ് രോഗവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കള്‍ക്കും ഇളവ് നല്‍കാന്‍ ജിഎസ്ടി യോഗം തീരുമാനിച്ചിരുന്നു. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. രണ്ട് കൊറോണ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് 4500 കോടി രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ജൂലൈയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ചര്‍ച്ച ചെയ്യുമെന്ന് അംഗങ്ങളെ നിര്‍മല സീതാരമന്‍ അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *