മികച്ച ബിസിനസ് അവസരങ്ങളൊരുക്കി കെഎസ് യുഎമ്മിന്റെ ബിഗ് ഡെമോ ഡേ

മികച്ച ബിസിനസ് അവസരങ്ങളൊരുക്കി കെഎസ് യുഎമ്മിന്റെ ബിഗ് ഡെമോ ഡേ

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക പ്രസക്തിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യത ലഭിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച ബിഗ് ഡെമോ ഡേ ആഗോള ശ്രദ്ധനേടി.

ആരോഗ്യം, കൃഷി, ഊര്‍ജം, ഇ-മൊബിലിറ്റി, ജല സംരക്ഷണം, റോബോട്ടിക്‌സ്, ഐഒടി മേഖലകളില്‍ നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് സ്റ്റാര്‍ട്ടപ്പുകളാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചത്.

കേരള ഐടി സെക്രട്ടറി കെ മുഹമ്മദ് വൈ സഫീറുള്ള ഐഎഎസും കെഎസ് യുഎം സിഇഒ തപന്‍ റായഗുരുവും ബിഗ് ഡെമോ ഡേയെ അഭിസംബോധന ചെയ്തു. യൂണിസെഫിന്റെ കീഴിലുള്ള ക്ലൈമറ്റ് സീഡ് ഫണ്ടിന്റേയും ഹാബിറ്റാറ്റിന്റേയും ഉദ്യോഗസ്ഥര്‍ സ്റ്റാര്‍ട്ടപ്പുകളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെ സംസാരിക്കുകയും ചെയ്തു.

സാധ്യതയുള്ള നിരവധി നിക്ഷേപകരുമായി സംവദിക്കാന്‍ ബിഗ് ഡെമോ ഡേ 5.0 യില്‍ അവസരം ലഭിച്ചതായി നവാ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ ചാള്‍സ് വിജയ് പറഞ്ഞു. പരിപാടിയിലൂടെ എയ്ഞ്ചല്‍ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ചോളം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പത്തിലധികം അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുത്ത വെര്‍ച്വല്‍ പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തു നിന്നും അഞ്ഞൂറിലധികം പേര്‍ ഭാഗഭാക്കായി. മുന്നൂറോളം പേര്‍ സ്റ്റാര്‍ട്ടപ്പുകളുമായി തത്സമയ ആശയ വിനിമയം നടത്തി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന പത്തോളം ഫണ്ടിങ് ഏജന്‍സികള്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *