സംസ്ഥാനം നേരിടുന്നത് രൂക്ഷമായ പ്രതിസന്ധി; ധനമന്ത്രിയെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

സംസ്ഥാനം നേരിടുന്നത് രൂക്ഷമായ പ്രതിസന്ധി; ധനമന്ത്രിയെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

അസാധാരണമായ സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലാണ് പുതിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അടുത്ത മാസം 4 ന് നിയമസഭയില്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കൊവിഡ് ഉണ്ടാക്കിയ ആഘാതവും തകര്‍ത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത്.

ജനക്ഷേമ പദ്ധതികളുടെ പേരില്‍ രണ്ടാം വിജയം നേടിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. പെന്‍ഷന്‍ തുക പടി പടിയായി വര്‍ദ്ധിപ്പിച്ചും കിറ്റടക്കമുള്ള ആനുകൂല്യങ്ങള്‍ തുടരാനായി കൂടുതല്‍ പണം കണ്ടെത്തിയും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ടി വരും. പക്ഷെ നികുതി മേഖലയിലടക്കം വരുമാനത്തിലുണ്ടാകുന്ന ഇടിവാണ് പ്രധാന പ്രതിസന്ധി. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടമെടുപ്പ് തുടരുക മാത്രമാണ് തല്കാലത്തേക്കുള്ള പോംവഴി. സംസ്ഥാന ഖജനാവില്‍ നിലവില്‍ 3000 കോടിയുണ്ട് എന്നതാണ് ധനമന്ത്രിക്ക് ആശ്വാസം. മാത്രമല്ല റിസര്‍വ് ബാങ്ക് അടുത്തിടെ നല്‍കിയ ഓവര്‍ ഡ്രാഫ്ട് ഇളവിലൂടെ രണ്ടായിരം കോടി രൂപ കൂടി കിട്ടും.

പുതിയ സര്‍ക്കാരിന് തുടക്കത്തില്‍ മുന്നോട്ടു പോകാന്‍ ഈ പണം തത്കാലം മതിയെങ്കിലും പ്രതിസന്ധി മറികടക്കാനുള്ള ദീര്‍ഘകാല ആശയങ്ങള്‍ ധനമന്ത്രിക്ക് നടപ്പാക്കിയേ തീരു. പ്രതിസന്ധിയില്ലെന്ന് മുന്‍ ധന മന്ത്രി തോമസ് ഐസക്ക് ആവര്‍ത്തിക്കുമ്പോഴും കണക്കുകള്‍ നല്‍കുന്നത് അപായ സൂചനയാണ്.

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം വേഗം ലഭിക്കുന്നതിന് ജിഎസ്ടി കൗണ്‍സിലില്‍ തോമസ് ഐസക്ക് നടത്തിയ സമ്മര്‍ദ്ദം പലപ്പോഴും ഫലം കണ്ടിട്ടുണ്ട്. പുതിയ ധനമന്ത്രിക്കും ഇത് ആവര്‍ത്തിക്കേണ്ടി വരും. അടുത്ത വെള്ളിയാഴ്ചയാണ് ജിഎസ്ടി കൗണ്‍സില്‍. ഇത്തവണ കേരളത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി സമാന നിലപാടുള്ള പുതിയ തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ഉണ്ടാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *