റിസര്‍വ് ബാങ്ക് മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറും

റിസര്‍വ് ബാങ്ക് മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറും

റിസര്‍വ് ബാങ്കിന്റെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറും. 2021 മാര്‍ച്ച് 31ന് അവസാനിച്ച ഒമ്പത് മാസത്തെ അധികമുള്ള തുകയാണ് സര്‍ക്കാരിന് കൈമാറുകയെന്ന് ആര്‍ബിഐ അറിയിച്ചു. വെള്ളിയാഴ്ച ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ നടന്ന റിസര്‍വ് ബാങ്കിന്റെ 589-ാമത് കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നീക്കിയരിപ്പ് തുകയാണ് കൈമാറുന്നത്. ആര്‍ബിഐയുടെ അക്കൗണ്ടിങ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗത്തില്‍ തീരുമാനമായി. നേരത്തെ ജൂലായ്-ജൂണ്‍ കാലയളവായിരുന്നു അക്കൗണ്ടിങ് വര്‍ഷമായി പരിഗണിച്ചിരുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസിന് പുറമെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ഡപ്യൂട്ടി ഗവര്‍ണര്‍മാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കൊവിഡ് പകര്‍ച്ചവ്യാധി രൂക്ഷമാകുന്ന രാജ്യത്ത് സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്ക് ആര്‍ബിഐയുടെ ഈ നീക്കം ഏറെ സഹായകരമാകും. നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള- ആഭ്യന്തര വെല്ലുവിളികള്‍, രണ്ടാം കൊവിഡ് തരംഗം സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച സമീപകാല നയ നടപടികള്‍ എന്നിവയും യോഗം അവലോകനം ചെയ്തു.

കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് മിച്ചത്തിന്റെ 44 ശതമാനം മാത്രമാണ് സര്‍ക്കാരിന് കൈമാറിയത്. അതായത് 57,128 കോടി രൂപ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൈമാറ്റമായിരുന്നു ഇത്. 2019ല്‍ 1,23,414 കോടി രൂപയായിരുന്നു മിച്ചമുണ്ടായിരുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *