കോവിന്‍ ആപ്പിന് പകരം പുതിയ ആപ്പുമായി NIT, IIM പൂര്‍വവിദ്യാര്‍ത്ഥികള്‍

കോവിന്‍ ആപ്പിന് പകരം പുതിയ ആപ്പുമായി NIT, IIM പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് നേരിടുമ്പോഴും കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കാനുള്ള വാക്‌സിന്‍ സ്ലോട്ട് ലഭിക്കുക എന്നത് ജനങ്ങളെ സംബന്ധിച്ച് ശ്രമകരമായ ഒരു ജോലിയായി മാറിയിട്ടുണ്ട്. മെയ് ഒന്നു മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം എന്ന പ്രഖ്യാപനം വന്നതോടെ ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ആളുകള്‍ക്ക് എളുപ്പത്തില്‍ വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചു കൊണ്ട് ഐ ഐ എം, എന്‍ ഐ ടി എന്നീ സ്ഥാപനങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരിക്കുന്നത്. ‘ലൊക്കാലിറ്റി.ഐഒ’
(localiti.io) എന്നാണ് ഈ ആപ്പിന് പേര് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന, 18-നും 44-നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് വാക്‌സിന്‍ സ്ലോട്ടുകള്‍ സംബന്ധിച്ച പ്രധാന അറിയിപ്പുകള്‍ ലഭിക്കാന്‍ ഈ ആപ്പ് സഹായകരമാകും.

കുരുക്ഷേത്ര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എന്‍ഐടി) പൂര്‍വ്വവിദ്യാര്‍ത്ഥിയായ പാര്‍ഥിക് മദാന്‍, റോഹ്തക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐ ഐ എം) പൂര്‍വ്വവിദ്യാര്‍ത്ഥിയായ പ്രതീക് സിങ്, ഇക്‌സിഗോ എന്ന കമ്പനിയില്‍ മുമ്പ് ജോലി ചെയ്തിട്ടുള്ള ഭാരത് ഭൂഷണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം ഇവരുടെ പ്രയത്‌നത്തെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മെയ് ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച ഈ ആപ്പില്‍ മെയ് ആറിനുള്ളില്‍ 10,000 ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപസ്ഥലങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്പില്‍ പുതിയ സ്ലോട്ടുകള്‍ പരിശോധിക്കാന്‍ ആവര്‍ത്തിച്ച് റിഫ്രഷ് ചെയ്യേണ്ട ആവശ്യമില്ല. കോവിന്‍ എ പി ഐ പോര്‍ട്ടലില്‍ നിന്നാണ് ആപ്പിന് വേണ്ടിയുള്ള വിവരങ്ങള്‍ തത്സമയം ശേഖരിക്കുന്നത്. അതിനാല്‍ ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അതിന് മുമ്പായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

മെയ് ഒന്നു മുതല്‍ വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിക്കാനുള്ള തീരുമാനം കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ ഈ ആപ്പ് വികസിപ്പിക്കുന്നത് എന്ന് പ്രതീക് സിങ് പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് വാക്‌സിന്‍ സ്ലോട്ടുകള്‍ ലഭിക്കുന്നതുമായ ബന്ധപ്പെട്ട വിവരങ്ങള്‍ ആളുകളിലെത്തിക്കുക എന്നതാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെയും കിടക്കകളുടെയും വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിവിധ സര്‍വകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പ്രത്യേക ഉപകരണങ്ങളും വികസിപ്പിച്ചു കൊണ്ട് തങ്ങളുടേതായ സംഭാവന നല്‍കുന്നുണ്ട്. കോവിഡ് 19-ന് എതിരെയുള്ള രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ ഈ ഇടപെടലുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *