കൊവിഡ് : ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഐബിഎസിന്റെ കരുതല്‍

കൊവിഡ് : ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഐബിഎസിന്റെ കരുതല്‍

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ കാലത്ത് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ വിവിധ ആരോഗ്യരക്ഷാ പരിപാടികള്‍. കാന്‍, കെയര്‍ എന്നീ പേരുകളില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികളിലൂടെ കമ്പനിയുടെ 3500 ല്‍പരം വരുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യപരിരക്ഷ ലഭിക്കും.

അടിന്തര ആരോഗ്യആവശ്യങ്ങള്‍ക്കുള്ള പദ്ധതിയാണ് കാന്‍. വിവിധ ആശുപത്രികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വില്‍പനക്കാര്‍, വിതരണക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ ശൃംഘലയാണിത്. ആശുപത്രിയാത്ര (ആംബുലന്‍സ് ഉള്‍പ്പെടെ, അവശ്യസാധനങ്ങള്‍), (മരുന്ന്, നിത്യോപയോഗ സാധനങ്ങള്‍) എത്തിക്കല്‍, ചികിത്സാ സഹായം (അടിയന്തര ആശുപത്രി വാസം, അടിയന്തര മരുന്നുകള്‍ ലഭ്യമാക്കല്‍) എന്നിവ കാന്‍ പരിപാടിയില്‍ ഉള്‍പ്പെടുന്നു. ജീവനക്കാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ഹെല്‍പ് ലൈനാണ് കെയര്‍. കൊവിഡ് പശ്ചാത്തലത്തിലുള്ളതും അല്ലാത്തതുമായ മാനസിക പിരിമുറുക്കം, ഉത്കണ്ഠ തുടങ്ങിയവ പരിഹരിക്കുന്നതിന് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വീട്ടില്‍ തന്നെ നടത്തുന്നതിനുള്ള സംവിധാനവും വിവിധ ആശുപത്രികളും ലാബുമായി ഉണ്ടാക്കിയ സഹകരണത്തിലൂടെ കമ്പനി പ്രദാനം ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന കൊവിഡ് പ്രതിരോധ വാക്‌സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുന്നതിനുള്ള നടപടിയും എടുത്തു കഴിഞ്ഞു. ഇതിന്റെ ചെലവ് പൂര്‍ണമായും കമ്പനി തന്നെ വഹിക്കും.

അനിശ്ചിതത്വങ്ങള്‍ നേരിടാന്‍ എങ്ങിനെ തയ്യാറെടുക്കണമെന്ന് നിരന്തരമായ സമ്പര്‍ക്കത്തിലൂടെ ജീവനക്കാരെ കമ്പനി ധരിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന, സര്‍ക്കാര്‍, സിഡിസി, ഐഎംഒ തുടങ്ങിയവയില്‍ നിന്നുള്ള ദൈനംദിന അറിയിപ്പുകള്‍ അതത് ദിവസം വാര്‍ത്താശലകങ്ങളായി ജീവനക്കാരില്‍ എത്തിക്കാറുണ്ട്. കൊവിഡ് ബാധിതരായ ജീവനക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഈ അറിയിപ്പുകള്‍ ഏറെ ഗുണം ചെയ്യും. സുരക്ഷിതരായി ഇരിക്കാനും മികച്ച സുരക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കാനും ഇത് ജീവനക്കാരെ പ്രാപ്തരാക്കും.

യോഗാ ക്ലാസുകള്‍, ജീവനക്കാരുടെ ആരോഗ്യ സുരക്ഷയെക്കുറിച്ച് അറിയാനുള്ള വിവിധ വിനോദങ്ങള്‍, ഭക്ഷണം, ഉറക്കം, ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിരവധി ഓണ്‍ലൈന്‍ പരിപാടികളും ഐബിഎസ് നടത്തി വരുന്നു. ടോക് ഷോ, പരസ്പരം സംസാരിക്കാനുള്ള ഓണ്‍ലൈന്‍ വേദി തുടങ്ങിയവയിലൂടെ ഒരു പരിധി വരെ നേരിട്ട് ഇടപഴകുന്നതിന് പകരംവയ്ക്കാവുന്ന സാഹചര്യം ഒരുക്കുന്നുണ്ട്. ടീമിലെ എല്ലാവരും ഓണ്‍ലൈനിലൂടെ പിസ ഈവനിംഗ് പോലുള്ള പരിപാടികള്‍ നടത്താറുണ്ട്. ഇതിന്റെ ചെലവും പൂര്‍ണമായും കമ്പനിയാണ് വഹിക്കുന്നത്.

ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് ടീം മീറ്റിംഗ്, അനുമോദന പരിപാടികള്‍, റിവാര്‍ഡ്‌സ് എന്നിവ പൂര്‍ണമായും ഓണ്‍ലൈനിലാണ് നടത്തി വരുന്നത്. ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനും പരിഗണിക്കാനും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിനായി ബൃഹദ് ഓണ്‍ലൈന്‍ സമ്മേളനങ്ങളും ചെറു യോഗങ്ങളും കമ്പനി നടത്താറുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *