അരലിറ്റര്‍ പാല്‍ അധികം വാങ്ങാം; മില്‍ക്ക് ചലഞ്ചുമായി മില്‍മ

അരലിറ്റര്‍ പാല്‍ അധികം വാങ്ങാം; മില്‍ക്ക് ചലഞ്ചുമായി മില്‍മ

ലോക്ക്ഡൗണ്‍ കാരണം പാല്‍ വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ. സാമ്പത്തികശേഷിയുള്ള ഉപഭോക്താക്കള്‍ പ്രതിദിനം കുറഞ്ഞത് അര ലിറ്റര്‍ വീതം പാല്‍ അധികമായി വാങ്ങണമെന്നാണ് മില്‍മയുടെ അഭ്യര്‍ത്ഥന. ക്ഷീരകര്‍ഷകര്‍ക്ക് ഇതൊരു ആശ്വാസമാകും.

ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവര്‍ കുറഞ്ഞത് അരലിറ്റര്‍ പാല്‍ വീതം അധികം വാങ്ങിയാല്‍ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരമാകും.

കേരളത്തിലെ എട്ട് ലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍നിന്ന് മൂന്ന് മേഖലാ യൂണിയന്‍ വഴി മില്‍മ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം വില്‍പ്പനശാലകള്‍ തുറക്കാന്‍ നിയന്ത്രണമുള്ളതിനാല്‍ പാല്‍ വില്‍പ്പന കുറഞ്ഞു. ഇതുകാരണം കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നാല് ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ മിച്ചമാണ്.

വിതരണം ചെയ്യാനാകാത്ത പാല്‍ കോവിഡ് കേന്ദ്രങ്ങളിലേക്കും വൃദ്ധസദനങ്ങളിലേക്കും അതിഥി തൊഴിലാളി ക്യാമ്പുകളിലേക്കും കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്കും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *