ഒരു സിഇഒ എന്ന നിലയില്‍ പിണറായി വിജയന്‍ പഠിപ്പിക്കുന്ന സംരംഭക പാഠങ്ങള്‍ – പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്റെ നിരീക്ഷണങ്ങള്‍

ഒരു സിഇഒ എന്ന നിലയില്‍ പിണറായി വിജയന്‍ പഠിപ്പിക്കുന്ന സംരംഭക പാഠങ്ങള്‍ – പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്റെ നിരീക്ഷണങ്ങള്‍

അടിമുടി മാറ്റവുമായി രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍, സിപിഎമ്മിന്റെ സിറ്റിങ് മന്ത്രിമാരെല്ലാം ഒഴിവാക്കപ്പെടുമ്പോള്‍, ഉയര്‍ന്നുകേട്ട ചോദ്യമാണ് – അതെന്താ പിണറായിക്ക് ഈ മാറ്റം ബാധകമല്ലേ എന്ന്. എന്നാല്‍ അതിന് വ്യക്തമായ ഉത്തരം അല്ല എന്നുതന്നെയാണ്. ഈ മറുപടി ഉറച്ചവാക്കുകളോടെ പറയുന്നത് മറ്റാരുമല്ല, കേരളത്തിലെ പ്രശസ്തനായ സെയില്‍സ് ട്രയിനറും ദ സെയില്‍സ്മാന്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനുമായ അനില്‍ ബാലചന്ദ്രനാണ്. സോഷ്യല്‍ മീഡിയയിലെ പതിവ് ഇടതുപക്ഷ ന്യായീകരണങ്ങളുടെ ചുവരുകളില്‍ അല്ല അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്. പിണറായി വിജയനോടുള്ള ഭക്തിയോ ഇടതുപക്ഷ ആഭിമുഖ്യമോ അല്ല ഈ മറുപടിക്ക് പ്രേരിപ്പിച്ചത് എന്നും അദ്ദേഹം ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വീഡിയോയിലൂടെ വ്യക്തമാകും.

പിണറായി വിജയനെ ഒരു വിദഗ്ധനായ മാനേജ്‌മെന്റ് പ്രതിഭയോട് ഉപമിച്ചുകൊണ്ടാണ് അനില്‍ ബാലചന്ദ്രന്‍ അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വഹിക്കുന്ന വ്യക്തിയെ ഒരു സംരംഭത്തിന്റെ സാരഥിയോട്, മികവുറ്റ ഒരു ചീഫ് എക്‌സിക്യൂട്ട് ഓഫീസറോട് ഉപമിച്ചുകൊണ്ട് അനില്‍ ബാലചന്ദ്രന്‍ മുന്നോട്ടുവയ്ക്കുന്ന സാര്‍ഥകമായ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും പൊതുസമൂഹത്തിനും സംരംഭക സമൂഹത്തിനും ഒരുപോലെ ഏറെ ചിന്തകള്‍ക്കും കാഴ്ചപ്പാടുകളിലെ വ്യതിയാനത്തിനും വഴിയൊരുക്കുമെന്ന് ഉറപ്പാണ്.

ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നതിനുള്ള പാഠപുസ്തകംകൂടിയായി പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ നിലപാടുകളും തീരുമാനങ്ങളും ആദര്‍ശങ്ങളും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, രാഷ്ട്രീയത്തിനുപരിയായി ഒരു പ്രസ്ഥാനത്തിന്റെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ അല്ലെങ്കില്‍ ഒരു സംരംഭത്തിന്റെ സാരഥി എന്ന നിലയില്‍, ഒരു കമ്പനിയുടെ സിഇഒ എന്ന നിലയില്‍, പിണറായി വിജയന്റെ നേതൃജീവിതത്തെ രേഖപ്പെടുത്താനുള്ള മികച്ച ശ്രമമാണ് അനില്‍ ബാലചന്ദ്രന്‍ നടത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് സംരംഭകര്‍ക്ക് വില്‍പനയുടെ രസതന്ത്രം പകര്‍ന്നുനല്‍കികൊണ്ടിരിക്കുന്ന അനില്‍ ബാലചന്ദ്രനെ സംബന്ധിച്ചു സംരംഭകത്വം എന്ന കലയെ പൊതുസമൂഹവുമായി ബന്ധപ്പെടുത്താന്‍ ഇതിലും മികച്ച സാഹചര്യം ഉണ്ടാകാനിടയില്ല. അത്രത്തോളം മികച്ച രീതിയിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ നിര്‍മിതിയെ അദ്ദേഹം ആലേഖനം ചെയ്തിരിക്കുന്നത്. ഒരു കമ്പനിയുടെ സിഇഒ എങ്ങനെ ആയിരിക്കണം എന്ന് പിണറായി വിജയന്റെ നിലപാടുകളെ ചൂണ്ടിക്കാട്ടി അദ്ദേഹം ഉദാഹരിക്കുമ്പോള്‍, പിണറായി വിജയന്‍ എന്ന നേതാവ് എങ്ങനെയാണ് ഒരു മികച്ച മാനേജ്‌മെന്റ് വിദഗ്ധനാകുന്നത് എന്നുകൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

ഒന്നാം ഇടതു സര്‍ക്കാരില്‍നിന്നും രണ്ടാം മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി ഒഴികെ ഇടതുമന്ത്രിസഭയിലെ പ്രത്യേകിച്ച് സിപിഎമ്മിലെയും സിപിഐയിലെയും മന്ത്രിമാരെല്ലാം പുതുമുഖങ്ങളാണ്. ഇക്കാര്യത്തില്‍ ഭരണമുന്നണിക്ക് നേതൃത്വം വഹിക്കുന്ന കക്ഷി എന്നനിലയില്‍ സിപിഎം എടുത്തിരിക്കുന്ന തീരുമാനം വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്ന നിലയില്‍ ഇക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടുകള്‍ തന്നെയായിരിക്കും അംഗീകരിക്കപ്പെട്ടിരിക്കുക. ആ നിലപാടുകളാണ് ഒരു സംരംഭകന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാന്‍ അനില്‍ ബാലചന്ദ്രന്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മാത്രം നിലനില്‍ക്കുമ്പോള്‍ ഒന്നാം മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുണ്ടായിരുന്ന മറ്റുമന്ത്രിമാരെല്ലാം മാറ്റപ്പെട്ടു. മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഒരു ടീമിനെ ഒന്നടങ്കം മാറ്റുമ്പോള്‍ പുറമേ നില്‍ക്കുന്നവര്‍ക്കു തോന്നുന്ന അസ്വസ്ഥകളാണ് ചില കോണുകളിലെങ്കിലും ഭിന്നാഭിപ്രായങ്ങളിലേക്ക് വഴിതുറന്നിരിക്കുന്നത്. എന്നാല്‍ ഒരു വ്യവസ്ഥിതിയില്‍നിന്നും നിലവിലുള്ള ഒരു ടീമിനെ അപ്പാടെ മാറ്റുമ്പോള്‍ ഉടലെടുക്കുന്ന അസ്വസ്ഥതകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലായെന്ന് കൃത്യമായ മാനേജ്‌മെന്റ് വൈദഗ്ധ്യത്തോടെ സാക്ഷ്യപ്പെടുത്താന്‍ അനില്‍ ബാലചന്ദ്രന് സാധിക്കുന്നു. ഇതിനായി അദ്ദേഹം ഉദാഹരിക്കുന്ന വാക്കുകള്‍പോലും ഏറെ പ്രസക്തമാണ്. ഐ ഡു, വി ഡു, യു ഡു എന്ന ഏറെ അര്‍ഥവത്തായ പ്രയോഗം ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍ എന്ന സമര്‍ഥനായ സംരംഭക സാരഥിയെ അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. ആദ്യമന്ത്രിസഭയെ സംബന്ധിച്ച് ഏറ്റവും മുന്‍നിരയില്‍നിന്ന് നയിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും പിണറായി വിജയന് അവകാശപ്പെട്ടതായിരുന്നു. ക്യാപ്ടന്‍ എന്ന വിശേഷണം പോലും പിണറായി വിജയന് ചാര്‍ത്തികിട്ടിയത്, ശരിക്കുള്ള നായകത്വം എന്താണെന്നു ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിനാലാണ്. അവിടെ ഒരു സംരംഭത്തിന്റെ സാരഥി എന്നനിലയില്‍ പരിചയ സമ്പന്നരായ ഒരു ടീമിനെക്കൂടി വിശ്വാസത്തിലെടുത്ത് എങ്ങനെ മികച്ച രീതിയില്‍ നയിക്കണമെന്നു പിണറായി കാട്ടിത്തന്നു. അതിന്റെ ഫലമായാണ് അദ്ദേഹത്തിന് ഭരണതുടര്‍ച്ച നല്‍കാനുള്ള ജനഹിതം ഉണ്ടായതും.

അവിടെനിന്നും രണ്ടാം മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ വി ഡു എന്ന തത്വമാണ് പിണറായി കൈക്കൊണ്ടിരിക്കുന്നത് എന്നുവേണം കരുതാന്‍. കാരണം ഏറെക്കുറെ യുവത്വത്തിനു പ്രാധാന്യമുള്ള പുതിയ കാലത്തിനൊത്ത്, പുതിയ സാങ്കേതികവിദ്യക്ക് അനുസൃതമായി, പുതിയ മസ്തിഷ്‌കങ്ങളുള്ള യുവതലമുറയുടെ പ്രതിനിധികളെ ഒപ്പംകൂട്ടി ഒരുമിച്ച് മുന്നോട്ടു നയിക്കാനുള്ള ആഹ്വാനമാണ് ഈ രണ്ടാംമന്ത്രിസഭ. അവിടെ പിണറായി വിജയന്‍ എന്ന സിഇഒ കാലാനുസൃതമായ ഒരു ടീമിനെ ഉപയോഗിച്ച്, അല്ലെങ്കില്‍ അവരെ ഒപ്പംകൂട്ടിയാണ് സംരംഭത്തിന്റെ പ്രയാണത്തിനു മുന്നൊരുക്കം തുടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത അഞ്ചുവര്‍ഷം കേരളത്തില്‍ വികസന കുതിപ്പാകും ഉണ്ടാകുക എന്നതിലും തര്‍ക്കമില്ല. ഏറ്റവും ഒടുവില്‍ പറഞ്ഞ യു ഡു സ്വാഭാവികമായും ഒരു തലമുറ മാറ്റത്തെയാകും സൂചിപ്പിക്കുക. നിങ്ങള്‍ നയിച്ചുകൊള്ളുക എന്ന പ്രമാണത്തില്‍ അധിഷ്ഠിതമായാകും ആ രീതി. അടുത്ത സര്‍ക്കാരിന് വഴികാട്ടിയായി രണ്ടാം പിണറായി സര്‍ക്കാര്‍ മാറുമെന്ന പ്രതീക്ഷയെ ഒരു സംരംഭത്തിന്റെ പശ്ചാത്തലത്തില്‍ ചൂണ്ടിക്കാട്ടുമ്പോള്‍, അവിടെ അനിവാര്യമായതോ ആവശ്യമായതോ ആയ മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങളും പരിഹരിക്കപ്പെട്ടുവെന്നോ പിന്‍ഗാമികള്‍ക്ക് സുഗമമായ പാതയൊരുക്കുന്നതിനായി ഒരു ശരിയായ മാതൃക സൃഷ്ടിക്കപ്പെട്ടുവെന്നോ മുന്നില്‍നിര്‍ത്തി വഴികാട്ടിയാകാമെന്നോ ഒക്കെ വിലയിരുത്താം.

ആദ്യമന്ത്രിസഭയില്‍നിന്നും രണ്ടാംമന്ത്രിസഭയിലേക്കുള്ള മാറ്റത്തെ ഒരു സംരംഭകന്‍ ഏതുരീതിയില്‍ വീക്ഷിക്കണമെന്നുള്ള പോയിന്റുകളും കൃത്യമായ മാനേജ്‌മെന്റ് നിരീക്ഷണത്തോടെ അനില്‍ ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു സംരംഭത്തെ സംബന്ധിച്ച് വ്യക്തിയല്ല, പ്രസ്ഥാനം തന്നെയാണ് വലുത് എന്ന വിശാലമായ പാഠമാണ് ആദ്യത്തേത്. തീരുമാനങ്ങളില്‍ ഏതെങ്കിലും ഒരു ജീവനക്കാരന് മാത്രമായി വിട്ടുവീഴ്ച ചെയ്യരുതെന്നും പുതുതലമുറയെ എന്നും മുന്നിലേക്ക് കൊണ്ടുവരണമെന്നും സ്ഥിരമായി ഒരാളെ ഒരുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് അവര്‍ക്ക് കംഫര്‍ട്ട് സോണായി മാറുമെന്നുമുള്ള മികച്ച മാനേജ്‌മെന്റ് അറിവും അദ്ദേഹം ഈ മന്ത്രിസഭയെ ചൂണ്ടിക്കാട്ടി പകര്‍ന്നുനല്‍കുന്നു. വളരുവാന്‍ വളക്കൂറുള്ള സ്ഥലമാണെന്ന് മനസിലായാല്‍ ധാരാളം പുതിയ ആളുകള്‍ ആ കമ്പനിയിലേക്ക് വരുമെന്നതാണ് മറ്റൊരു പാഠം. തീരുമാനം എടുക്കുമ്പോള്‍ അത് ഒറ്റക്കെട്ടായിരിക്കണം. പുറത്തുനില്‍ക്കുന്നവരുടെ കൈയ്യടി ലഭിക്കാനായി തീരുമാനങ്ങള്‍ എടുക്കരുത്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന ചിന്തയിലേക്ക് പോകരുത് തുടങ്ങി കുറ്റപ്പെടുത്തുന്നവര്‍ പണ്ടും അങ്ങനെ തന്നെ ആയിരുന്നുവെന്ന് തിരിച്ചറിയണമെന്നും ഈ മന്ത്രിസഭാമാറ്റത്തെ ചൂണ്ടിക്കാട്ടി അനില്‍ ബാലചന്ദ്രന്‍ ഉദാഹരിക്കുന്നു. ഞാന്‍ ഉണ്ടെങ്കിലേ ഈ കമ്പനി ഉള്ളു എന്ന് ഒരു ജീവനക്കാരനും തോന്നല്‍ ഉണ്ടാവരുത്. ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ ഇന്ന് കുറ്റപ്പെടുത്തുന്നവര്‍ നാളെ കൈയടിക്കും എന്ന് മനസിലാക്കുക. എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക. സ്വന്തം ടീമിനെ തീരുമാനിക്കുമ്പോള്‍ ബാഹ്യശക്തികളെയും അഭിപ്രായങ്ങളെയും അകറ്റി നിര്‍ത്തുക തുടങ്ങി മികച്ച ഒട്ടേറെ പാഠങ്ങളും അദ്ദേഹം ഈ വീഡിയോയിലൂടെ പകര്‍ന്നു നല്‍കുന്നു.

പ്രജോദ് പി രാജ്
(എഡിറ്റര്‍, ബിസിനസ് ലൈഫ്)

വീഡിയോ കാണാം:

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *