കോവിഡിനുശേഷം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിച്ചു; പ്രതിദിനം 150 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ 13.4 കോടി

കോവിഡിനുശേഷം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിച്ചു; പ്രതിദിനം 150 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ 13.4 കോടി

കോവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം. ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനമാക്കി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററാണ് പഠനം നടത്തിയത്. ഒരുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ആറു കോടിയില്‍നിന്ന് 13.4 കോടിയായി ഉയര്‍ന്നുവെന്നാണ് കണ്ടെത്തല്‍. 150 രൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് 13.4 കോടിയായി ഉയര്‍ന്നത്.

ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 45 വര്‍ഷം മുമ്പുള്ള അവസ്ഥയിലാണ് ഇപ്പോള്‍. രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. തൊഴിലില്ലായ്മ, വികസന പ്രവര്‍ത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്നു. ഇതിനിടെ 2020യില്‍ ലോക്ഡൗണ്‍ കൂടി വന്നതോടെ സാധാരണക്കാരുടെ ജീവിതത്തെ ഇത് സാരമായി ബാധിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതം പ്രതിസന്ധിലാക്കി എന്നും പഠനം പറയുന്നു.

2019യിലെ ഐക്യ രാഷ്ട്രസഭയുടെ കണക്ക് അനുസരിച്ച് 36.4 കോടി ഇന്ത്യന്‍ ജനത ദാരിദ്രരേഖക്ക് താഴെയാണ്. ദാരിദ്ര്യനിരക്കില്‍ ഏറ്റവുമധികം വര്‍ദ്ധനവ് കാണിച്ചത് 1951 മുതല്‍ 1974 വരെയുള്ള കാലഘട്ടത്തിലാണ്. ജനസംഖ്യയില്‍ ദരിദ്രരുടെ എണ്ണം 47 ശതമാനത്തില്‍നിന്ന് 56 ശതമാനമായി ഉയര്‍ന്നത് ഇക്കാലത്താണ്. ഈ സ്ഥിതിയില്‍നിന്ന് 2006-16 എത്തുമ്പോള്‍ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയെന്ന് 2019-ലെ ആഗോള മള്‍ട്ടിഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് സൂചിപ്പിക്കുന്നു.

രണ്ടാം കൊവിഡ് തരംഗം രാജ്യത്തെ സ്ഥിതി വീണ്ടും രൂക്ഷമാക്കുകയാണ്. വ്യോമയാനം, ടൂറിസം, ഹോട്ടല്‍ തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ്. അതേസമയം ചെറുകിട വ്യാവസായം ഇനിയും കരകയറിട്ടില്ല. നഗരപ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *